
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പദ്ധതി നടപ്പിലാക്കാന്‍ സുനി പണം കണ്ടെത്തിയത് മാല പണയം വെച്ചാണെന്ന് പിടിയിലായ പുതിയ പ്രതി മണികണ്ഠന്. പ്രയോജനമില്ലാത്ത ഈ പണിക്ക് പോകുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ പ്രയോജനം പിന്നാലെ വരുമെന്നും പ്രയോജനമില്ലാത്ത പണിക്ക് താനുണ്ടാകുമോയെന്ന് പള്‍സര്‍ സുനി ചോദിച്ചെന്നും മണികണ്ഠന്.
പോലീസിന് നല്കിയ മൊഴിയിലാണ് മണികണ്ഠന് ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ ആദ്യാവസാനം വരെ ഒപ്പമുണ്ടായിരുന്ന താന്‍ കഴിഞ്ഞ ദിവസം പാലക്കാട്ട് വെച്ചാണ് പിരിഞ്ഞത്. എല്ലാം പ്ളാന്‍ ചെയ്തത് സുനി തന്നെയാണെന്നും സുനിവിളിച്ചത് അനുസരിച്ചാണ് താന്‍ വന്നതെന്നും പള്‍സര്‍സുനി കൊണ്ടുവന്ന വാഹനത്തില്‍ കയറിയ ശേഷമാണ് നടിയെ തട്ടിക്കൊണ്ടു പോകലാണ് പ്ളാനെന്ന് അറിഞ്ഞത് തന്നെയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. സുനിക്ക് ആരാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് തനിക്കറിയില്ല. പ്രയോജനമില്ലാത്ത പണിയുടെ കാര്യം പറഞ്ഞത് താനും സുനിയും തര്ക്കമുണ്ടാക്കിയിരുന്നതായും ഇയാള്‍ പറഞ്ഞു. അതിനിടയില്‍ പള്‍സര്‍ സുനി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായി വിവരമുണ്ട്.
പോലീസ് തേടിക്കൊണ്ടിരിക്കുമ്പോഴും അവര്‍ നഗരത്തില്‍ തന്നെ ഉണ്ടായിരുന്നതായും പ്രതികള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തിയിട്ടും പോലീസിന് പിടിക്കാനാകാത്തതും വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. കോടതി ഇടപെടലിന് മുമ്പായി ഇവരെ പിടികൂടാനുള്ള നീക്കത്തിലാണ് പോലീസെന്നാണ് വിവരം. അതേസമയം തങ്ങള്‍ പ്രതിയിലേക്ക് എത്തിക്കൊണ്ടിരിക്കകയാണെന്നാണ് പോലീസ് പറയുന്നത്.






