
മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഷറഫുദ്ധീൻ എന്നിവർ. തീയ്യേറ്ററുകളിൽ ചിരിനിറക്കുന്ന ഇവർ നാലുപേരും ഒന്നിച്ചാൽ അത് പ്രേക്ഷകർക്ക് വലിയ വിരുന്നായി മാറും. സിനിമയിൽ അല്ലെങ്കിൽ കൂടി ഉണ്ണികൃഷ്ണൻ ബി എഴുതി സംവിധാനം ചെയ്യുന്ന പ്രതിഛായ സിനിമയുടെ പ്രമോഷനു വേണ്ടി ഇവർ നാലുപേരും ഒരുമിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
അജുവും ധ്യാനും അവതാരകരായി എത്തുന്ന അഭിമുഖത്തിൽ അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുക എന്ന ദൗത്യമാണ് നിവിനും ഷറഫുവിനുമുള്ളത്. ഇവരുടെ കിടിലൻ തഗ്ഗുകൾ അടങ്ങിയ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഇന്റർവ്യു ഇതിനകം തന്നെ വൈറലായിട്ടുണ്ട്.
ഇപ്പോഴിതാ അഭിമുഖത്തിനിടെ ധ്യാൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് തമാശരൂപേണ അജു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നറിയാൻ ധ്യാനിനെ വിളിച്ചെന്നും ധ്യാൻ ഫോൺ എടുത്തില്ലെന്നുമാണ് അജു പറയുന്നത്. അതിനുള്ള കാരണം തഗ്ഗടിച്ച് ധ്യാനും പറയുന്നുണ്ട്.
"ലവ് ആക്ഷൻ ഡ്രാമയുടെ സെറ്റിൽ നടന്ന കാര്യമാണ്. നയൻതാര മാഡം ഉണ്ട്, നിവിൻ ഉണ്ട്. ഞാൻ അതുവഴി ചുമ്മാ ഒന്ന് പോയി. എന്തോ അന്ന് പുള്ളിക്കാരിയൊക്കെ എന്നോട് ചിരിച്ച് സംസാരിച്ചു കേട്ടോ, വടയൊക്കെ തന്നു. ('കട്ട്ലെറ്റല്ലേ' എന്ന് അജു നിവിനോടും ചോദിക്കുന്നുണ്ട്, അത് കേട്ട് നിവിനും ഷറഫുവും ധ്യാനും ചിരിക്കുന്നതും കാണാം)അതൊക്കെ കഴിച്ച് പുള്ളിക്കാരിയും നിവിനും കൂടെ പറഞ്ഞു, 'നീ ഈ പറഞ്ഞ പോലെ നമുക്ക് സെക്കൻഡ് പാർട്ട് ചെയ്താലോ?'എന്ന്. അപ്പൊ ഞാൻ ഒന്നൂടെ ചോദിച്ചു, 'ശരിക്കും മാഡം ഉദ്ദേശിക്കുന്നുണ്ടോ?' എന്ന്. 'ഉണ്ട്...' എന്നായി നയൻതാര മാഡം. ഞാൻ പറഞ്ഞു 'അളിയാ ഇങ്ങനെ പറയുന്നുണ്ട്. ആ, എന്നാൽ ചെയ്യാം. എന്നാൽ ധ്യാനിനെ വീഡിയോ കോൾ ചെയ്യാം.' എന്ന്. പക്ഷേ ഇവൻ അന്ന് ഫോൺ എടുത്തില്ല.." അജു പറഞ്ഞു നിർത്തി.
ബാക്കി പറഞ്ഞത് ധ്യാൻ ആണ്. "എടുത്തില്ല എന്നല്ല, ആ സമയം എനിക്ക് എന്തോ ഉറക്കത്തിൽ ഇടിത്തീ വീഴുന്ന പോലെ എന്തോ സംഭവം തോന്നി... ആരോ എന്നെപ്പറ്റി എന്തോ സംസാരിക്കുന്നത്, എന്റെ ജീവിതം നശിച്ചു പോകും... വീണ്ടും.. എന്തോ വലുത് വരാൻ പോകുന്നു എന്നൊരു തോന്നൽ വരുമ്പോൾ, 'തുറക്കൂല്ലടാ പട്ടി..' എന്നൊരു ഡയലോഗ് മനസ്സിൽ വരില്ലേ. വിളക്ക് കെടുന്നു... നിമിത്തങ്ങളൊന്നും ശരിയാവുന്നില്ല എന്ന തോന്നൽ. കറക്റ്റ് ആ സമയത്ത് കോൾ വന്നു. അതാണ് ഞാൻ എടുക്കാഞ്ഞത്..." എന്നാണ് ധ്യാൻ പറഞ്ഞ മറുപടി. അജുവും ധ്യാനും പറയുന്നത് കേട്ട് ഇടതടവില്ലാതെ പൊട്ടിച്ചിരിക്കുന്ന നിവിനെയും ഷറഫുവിനെയും വിഡിയോയിൽ കാണാം.
പത്ത് വർഷങ്ങൾക്ക് ശേഷമാണ് നിവിനും ഷറഫുവും ഈ സിനിമയിലൂടെ ഒന്നിക്കുന്നത്. അത് സംസാരിച്ചു ആരംഭിക്കുന്ന അഭിമുഖം പിന്നീട് സിനിമ, രാഷ്ട്രീയം, സൗഹൃദം എന്നിവയെക്കുറിച്ചുള്ള രസകരമായ ചോദ്യങ്ങളിലേക്ക് പോകുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ എന്തായിരിക്കും ചെയ്യാൻ ആഗ്രഹിക്കുക എന്നായിരുന്നു ധ്യാന്റെ പ്രധാന ചോദ്യം. സന്തോഷവും സമാധാനവും ആണ് ഏറ്റവും വലിയ സക്സസ് എന്ന് നിവിൻ പോളി പറയുന്നു. ഹാപ്പിനസ് ഇന്റെക്സ് കൊണ്ടുവരണമെന്നും എല്ലാവരുടേയും സന്തോഷമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഷറഫുവും പറയുന്നുണ്ട്.
ഞായറാഴ്ച്ച സിനിമ ഷൂട്ട് വേണ്ടെന്ന് നിവിൻ പോളി പറയുമ്പോൾ ഹോട്ടലുകളിൽ വൃത്തി നിർബന്ധമാക്കണം എന്നതാണ് അജുവിന്റെ ആഗ്രഹം. ആദ്യ മണിക്കൂറുകളിൽ തന്നെ ഒരുലക്ഷം പേരാണ് ഈ ഇൻർവ്യു കണ്ടത്.
രസകരമായ കോമ്പോ ആയതു കൊണ്ട് 'പ്രതിഛായ'യെ ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മാർച്ച് 26ന് ചിത്രം തീയ്യേറ്ററുകളിലെത്തും.






