
തിരുവനന്തപുരം: എഫ്സിആര്‍എ നിയമവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകളും പ്രതിപക്ഷ പാര്‍ട്ടികളും വലിയ വിമര്‍ശനവും പ്രതിഷേധങ്ങളും ഉയര്‍ത്തുമ്പോള്‍ എഫ്ആര്‍സിഎ യെ അനുകൂലിച്ച് പോസ്റ്റിട്ട് ബ്ളോഗറും വലതുപക്ഷ എഴുത്തുകാരനുമായ ജിതിന് കെ. ജേക്കബ്. വിദേശത്ത് നിന്നും കിട്ടുന്ന പണത്തിനെക്കുറിച്ച് സര്‍ക്കാരിനോട് പറഞ്ഞില്ലെങ്കിലും വിശ്വാസികളോടെങ്കിലും പറഞ്ഞുകൂടേ എന്നും പോസ്റ്റില്‍ പറയുന്നു. എഫ്സിആര്‍എ നിയമം പള്ളിയും മറ്റും പിടിച്ചെടുക്കുമെന്ന രൂക്ഷമായ വിമര്‍ശനം ഉയരുമ്പോള്‍ ജിതിന് കെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്.
ഓരോവര്‍ഷവും ക്രൈസ്തവ സഭകള്‍ക്ക് കിട്ടുന്ന വിദേശപണം 10,000 കോടി രൂപയാണെന്നും ഇത് വിശ്വാസികള്‍ക്ക് അറിയാത്ത കാര്യമാണെന്നും പോസ്റ്റില്‍ പറയുന്നു. പള്ളി പണിയാനും, സ്കൂളുകളും, ആശുപത്രികളും ഒക്കെ നിര്‍മ്മിക്കാനും വിശ്വാസികളില്‍ നിന്ന് തന്നെ വലിയ പിരിവ് നടത്തുന്ന ക്രിസ്ത്യന്‍ സഭകള്‍ വിദേശത്ത് നിന്നും കിട്ടുന്ന പണം എന്തിനാണ് ഉപയോഗിക്കുന്നതെന്ന വിശ്വാസികളോടെങ്കിലും പറയണമെന്നാണ് ആവശ്യപ്പെടുന്നത്. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ പേരില്‍ നടത്തുന്ന ആശുപത്രികളില്‍ വന്‍തുക ചികിത്സയ്ക്ക് ഇടാക്കുന്ന ക്രൈസ്തവസഭകള്‍ നടത്തുന്ന സ്കൂളുകളില്‍ വിശ്വാസികള്‍ക്കെങ്കിലും പണം വാങ്ങാതെ ജോലി കൊടുക്കുമോ എന്നും ചോദിക്കുന്നു.
ഒരു വര്‍ഷം വിശ്വാസികളില്‍ നിന്നും എത്ര പിരിച്ചു, വിദേശത്തു നിന്ന് എത്ര ലഭിച്ചു, അതില്‍ എത്ര രൂപ ഏതൊക്കെ മേഖലയില്‍ ചെലവഴിച്ചു എന്നത് വിശ്വാസികള്‍ എങ്കിലും അറിയേണ്ടതല്ലേ..? അധ്വാനിച്ചു ഉണ്ടാക്കുന്ന പണമാണ്, അത് ഏത് വഴിക്ക് പോകുന്നു എന്നറിയാന്‍ പണം നല്കുന്നവര്ക്കും അവകാശം ഇല്ലേ..? എന്നും ചോദിക്കുന്നു. ഓരോ വര്‍ഷവും 22000 കോടി രൂപ വിദേശ ധനസഹായം ലഭിക്കുന്ന എന്‍ജിഒ കളുടെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാരിന് പരിശോധിക്കാന്‍ പാടില്ല എന്നാണോ ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം എന്നും ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ
സര്‍ക്കാരിനോട് പറയേണ്ട, വിശ്വാസികളോട് എങ്കിലും പറഞ്ഞുകൂടേ...!
വിദേശത്ത് നിന്ന് കിട്ടുന്ന പണമെല്ലാം സുതാര്യമായാണോ ചെലവഴിക്കുന്നത് എന്ന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ചോദിക്കുമ്പോഴല്ലേ ന്യുനപക്ഷ പീഡനം, ഭരണഘടനാ ലംഘനം, പൗരാവകാശ ലംഘനം എന്നൊക്കെ പറഞ്ഞ് ഇരവാദവും, ഭീഷണിയും ഒക്കെ. സര്‍ക്കാരിനോട് പറയേണ്ട, എന്നാല്‍ വിശ്വാസികളോട് എങ്കിലും പറയണം.
ജന്മം കൊണ്ടും, കര്‍മം കൊണ്ടും ക്രിസ്ത്യാനി ആയ ഞാന്‍ പോലും ഇപ്പോഴാണ് അറിയുന്നത് ഇത്രയും വലിയ തുക ഓരോ വര്‍ഷവും (ഏകദേശം 10000 കോടി രൂപ) നമ്മുടെ സഭകള്‍ക്ക് വിദേശത്ത് നിന്ന് കിട്ടുന്നു എന്ന്...!
ഇവിടെ പള്ളി പണിയാനും, സ്കൂളുകളും, ആശുപത്രികളും ഒക്കെ നിര്‍മ്മിക്കാനും ഇവിടുത്തെ വിശ്വാസികളില്‍ നിന്ന് തന്നെ വലിയ പിരിവ് നടക്കുന്നുണ്ട്.
ക്രിസ്ത്യന്‍ സഭകള്‍ സൗജന്യമായി സേവനം നല്കുന്ന ആശുപത്രികളുടെയും, സ്കൂളുകളുടെയും, മറ്റു സ്ഥാപനങ്ങളുടെയും പേരുകള്‍ സഭ തന്നെ പറയണം.
ഒരു വര്‍ഷം വിശ്വാസികളില്‍ നിന്ന് എത്ര പിരിച്ചു, വിദേശത്തു നിന്ന് എത്ര ലഭിച്ചു, അതില്‍ എത്ര രൂപ ഏതൊക്കെ മേഖലയില്‍ ചെലവഴിച്ചു എന്നത് വിശ്വാസികള്‍ എങ്കിലും അറിയേണ്ടതല്ലേ..? അധ്വാനിച്ചു ഉണ്ടാക്കുന്ന പണമാണ്, അത് ഏത് വഴിക്ക് പോകുന്നു എന്നറിയാന്‍ പണം നല്കുന്നവര്ക്കും അവകാശം ഇല്ലേ..?
വിശ്വാസികളായ കുടുംബങ്ങള്‍ക്ക് ക്രിസ്ത്യന്‍ സഭകളുടെ സ്ഥാപനങ്ങള്‍ കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളത്..? പണം നല്‍കാതെ എന്ത് സേവനം ആണ് പള്ളികളില്‍ നിന്ന് ലഭിക്കുന്നത്..? സഭ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലിക്ക് പോലും സഭാ വിശ്വാസികള്‍ അടക്കം ലക്ഷങ്ങള്‍ കോഴ കൊടുക്കണം. അവിടെ സഭാ വിശ്വാസി ആണെന്ന പരിഗണന ഒന്നുമില്ല. സഭയുടെ ആശുപത്രികളില്‍ പോലും സഭാ വിശ്വാസികളായ നഴ്സുമാര്‍ക്ക് പോലും മാന്യമായ ശമ്പളം കൊടുക്കുന്നില്ല..!
Foreign Contributions Regulation Act (FCRA) പ്രകാരമുള്ള നിയമങ്ങള്‍ പാലിച്ചാല്‍ സഭകള്‍ ഇപ്പോള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എല്ലാം പൂട്ടിപോകും എന്ന പുതിയ ഇരവാദം കണ്ടത് കൊണ്ട് ചോദിച്ചതാണ്..!
സഭാ നേതൃത്വത്തിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങളും, വ്യക്തിതാല്പ്പര്യങ്ങളും രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് മുകളില്‍ ആകുമ്പോള്‍ വിശ്വാസികളില്‍ നിന്ന് തന്നെ ചോദ്യങ്ങള്‍ ഉയരും. അന്തമായ മത അടിമകള്‍ അല്ല ക്രിസ്തുമത വിശ്വാസികള്‍.
ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, മുസ്ലിം സംഘടനകള്‍ എല്ലാം FCRA നിയമത്തിന്റെ ഭാഗമാണ്.
ഓരോ വര്‍ഷവും 22000 കോടി രൂപ വിദേശ ധനസഹായം ലഭിക്കുന്ന NGO കളുടെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാരിന് പരിശോധിക്കാന്‍ പാടില്ല എന്നാണോ ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം..? ഇപ്പോഴുള്ള നിയമങ്ങള്‍ പരിഷക്കരിക്കുന്നതില് എന്തിനാണ് ഇത്ര ബേജാര് ആകുന്നത്..? നിങ്ങളുടെ അജണ്ടകള്‍ നടക്കില്ല എന്നത് അല്ലേ നിങ്ങളെ അസ്വസ്ഥര്‍ ആക്കുന്നത്..?
വിദേശ പണം സ്വീകരിക്കുന്നത് മൗലിക അവകാശം അല്ല എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്..
പുരോഹിത വര്‍ഗത്തിന്റെ രാഷ്ട്രീയത്തിലും, ഭരണത്തിലും ഉള്ള ഇടപെടലും, അഴിമതിയും ആണ് ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. വിപ്ലവം കഴിഞ്ഞപ്പോള്‍ പള്ളികള്‍ എല്ലാം കണ്ടു കെട്ടി, സഭയുടെ സ്വത്തുക്കള്‍ എല്ലാം ദേശസാല്‍ക്കരിച്ചു, സഭ നേതൃത്വത്തെ ജനം എന്ത് ചെയ്തു എന്ന് പറയേണ്ടല്ലോ..!
രാജ്യത്തിന്റെ സുരക്ഷക്ക് തന്നെ ഭീഷണി ആകുന്ന നിലയിലുള്ള സഭകളുടെ ഭീഷണിയും, ഇരവാദവും, വെല്ലുവിളികളും ഒന്നും ആരും അംഗീകരിച്ചു കൊടുക്കാന്‍ പോകുന്നില്ല. ഇന്ത്യയിലെ വന്‍ കിട പദ്ധതികള്‍ക്ക് എതിരെ വിദേശ ധനസഹായം വാങ്ങി സഭകള്‍ നടത്തിയ കലാപ സമരങ്ങള്‍ രാജ്യം മറന്നിട്ടില്ല.
രാജ്യത്ത് എന്ത് നിയമം ഉണ്ടാക്കിയാലും ഉടന്‍ തുടങ്ങും, ന്യുനപക്ഷ പീഡനം, മത സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റം എന്നൊക്കെ പറഞ്ഞ് ഇരവാദം.
കേരളത്തിലെ വോട്ട് ബാങ്ക് കാണിച്ചുള്ള ബ്ലാക്ക് മൈലിങ്ങ് വേറെ...!
അതെന്താ മറ്റുള്ള ഹിന്ദു, ബുദ്ധിസ്റ്റ്, മുസ്ലിം, സിഖ് സംഘടനകള്‍ക്ക് ഇല്ലാത്ത ഇരവാദം ഇവിടുത്തെ ക്രിസ്ത്യന്‍ സഭകള്‍ക്ക് മാത്രം ഉള്ളത്..? നിങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതരണോ..?
'എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവട സ്ഥലമാക്കരുത്'' എന്ന ദൈവ വചനം പറഞ്ഞാല്‍ സാക്ഷാല്‍ യേശു ക്രിസ്തുവിനെ പോലും ഇവിടുത്തെ പുരോഹിത വര്‍ഗം വളഞ്ഞിട്ട് ആക്രമിക്കും എന്നുറപ്പാണ്.
നല്ലൊരു ശതമാനം വിശ്വാസികളും ഇപ്പോഴത്തെ 'ഇരവാദത്തിന്' എതിരായി ശബ്ദം ഉയര്‍ത്തുന്നുണ്ട്. സാമ്പത്തീക ഇടപാടുകളില്‍ സുതാര്യത വേണം എന്ന് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത് വിശ്വാസികള്‍ തന്നെയാണ്.
സഭാ നേതൃത്വത്തിന്റെ ഇരട്ടത്താപ്പും, രാജ്യത്തെ നിയമങ്ങളോടുള്ള വെല്ലുവിളികളും, സാമ്പത്തീക കാര്യങ്ങളിലെ സുതാര്യത ഇല്ലായ്മയും ചൂണ്ടിക്കാണിച്ച് വിശ്വാസികള്‍ അടക്കം രംഗത്ത് വരുമ്പോള്‍, വൈകാതെ 'മനോരമയില്‍' ഒരു വാര്‍ത്ത ഒന്നാം പേജില്‍ കാണാം, ' ക്രിസ്ത്യന്‍ സഭ നേതൃത്വത്തിന് നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം' എന്ന അടുത്ത ഇരവാദം..????






