
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ സ്ത്രീവോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന പ്രചാരണ പരിപാടികളിലേക്കു മൂന്നു മുന്നണികളും ചുവടുമാറ്റുന്നു. പ്രചാരണത്തിനെത്തിയ ദേശീയ നേതാക്കള്‍ വരെ സ്ത്രീവോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണു നല്‍കുന്നത്.
രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന ഇന്ദിരാ ഗ്യാരന്റിയില്‍ ഒന്നാമത്തെ വാഗ്ദാനംതന്നെ കെ.എസ്.ആര്.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയാണ്. സിറ്റിങ് എം.എല്‍.എമാരില്‍ ലൈംഗികക്കേസില്‍ പ്രതികളായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതും എല്‍ദോസ് കുന്നപ്പള്ളിയെ ഒഴിവാക്കിയതും സ്ത്രീവോട്ടര്‍മാരെ ഉന്നംവച്ചാണെന്നു വ്യക്തം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതകളെ തഴഞ്ഞുവെന്ന ആക്ഷേപം തുടക്കത്തിലേ ഉയര്‍ന്നിരുന്നു. അതും തടയുകയാണു കോണ്‍ഗ്രസിന്റെ ലക്ഷ്യം.
സംവിധായകന് രഞ്ജിത്തിനെതിരേ കഴിഞ്ഞ ജനുവരിയില്‍ പരാതി കിട്ടിയിട്ടും അറസ്റ്റ് ചെയ്ാതിരുന്നതു തെരഞ്ഞെടുപ്പ് അടുക്കാന്‍ കാത്തിരുന്നതാണെന്നു കരുതുന്നവരുണ്ട്. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ പ്രതിയാകുന്നത് എത്ര ഉന്നതനായാലും പക്ഷഭേദമില്ലെന്ന് ഒരിക്കല്‍കൂടി സ്ത്രീവോട്ടര്‍മാരെ ഓര്മ്മപ്പെടുത്തുകയാണു സി.പി.എം. മൊണാലിസ - മുഹമ്മദ് ഫര്മാന് വിവാഹം നടത്തികൊടുത്തതിലൂടെ സി.പി.എം. ലക്ഷ്യമിടുന്നതും സ്ത്രീകളുടെ അവകാശം ഉയര്‍ത്തിപ്പിടിക്കലാണ്. രാഹൂല്‍ മാങ്കൂട്ടത്തിലിന്റെ കേസ് സജീവമാക്കാന്‍ തെരഞ്ഞെടുപ്പു കാലമെത്താന്‍ കാത്തിരുന്നു. രാഹുലിനെ ജയിലിലിട്ടതും ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തതും സ്ത്രീവോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണു സി.പി.എം. കണക്കുകൂട്ടുന്നത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ സ്ത്രീശാക്തീകരണ വിഷയങ്ങള്‍ക്കു പ്രധാന്യം നല്‍കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സ്ത്രീകള്‍ക്കു സ്വയംപര്യാപ്തത ഉറപ്പാക്കാനാണു 2025 ലെ സ്ത്രീ സുരക്ഷാ നിയമം. 35 നും 60 നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാന്സ്ജെന്ഡറുകള്ക്കുമടക്കം 31 ലക്ഷത്തോളം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നു പാര്‍ട്ടി കണക്കാക്കുന്നു. 2026 ലെ പുതിയ വനിതാ നയമാണു മറ്റൊന്ന്. തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള ക്രഷുകള്‍, ഡിജിറ്റല്‍ സുരക്ഷ, ലിംഗനീതി പാഠങ്ങള്‍, പിങ്ക് പ്ര?ട്ടക്ഷന്‍ പ്രോജക്ട് എല്ലാം ഇത്തവണ സ്ത്രീ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തുമെന്നാണു എല്‍.ഡി.എഫ്. പ്രതീക്ഷ.ഇത്തവണ ഏറ്റവും കൂടുതല്‍ വനിതകളെ മത്സരരംഗത്തിറക്കിയത് എല്‍.ഡി.എഫ്. ആണ്. സി.പി.എം. 12 വനിതകളെയും സി.പി.ഐ. അഞ്ചു പേരെയും കേരള കോണ്‍ഗ്രസ് (എം) ഒരു വനിതയെയും മത്സരിപ്പിക്കുന്നു.
ഏറ്റവും കുറവ് വനിതാ സ്ഥാനാര്‍ഥികള്‍ യു.ഡി.എഫിലാണ്. 95 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിനു ഒന്‍പതു സ്ഥാനാര്‍ഥികള്‍ മാത്രം. മുസ്ലിം ലീഗ് ചരിത്രത്തിലാദ്യമായി രണ്ടു വനിതകളെ കളത്തിലിറക്കി. കൂടാതെ യു.ഡി.എഫ്. പിന്തുണയോടെ ആര്.എം.പി.ഐ. സ്ഥാനാര്‍ഥിയായി കെ.കെ. രമയും മത്സരിക്കുന്നു. ഇതു മറികടക്കാനാണു കോണ്‍ഗ്രസ് സൗജന്യയാത്രയും മറ്റും പ്രഖ്യാപിച്ചത്. എന്‍.ഡി.എ. സഖ്യത്തില്‍ വനിതാ സ്ഥാനാര്‍ഥികള്‍ 17 പേരുണ്ട്. എന്‍.ഡി.എ. സഖ്യകക്ഷിയായ ട്വന്റി20 പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളില്‍ ഏറെയും സ്ത്രീകളാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ അവരുടെ ബഹുഭൂരിപക്ഷം സ്ഥാനാര്‍ഥികളും വനിതകളായിരുന്നു.
ജെബി പോള്‍






