
പത്തനാപുരം: പത്തനാപുരത്ത് നടക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ പവിത്രമായ സ്മരണയും അദ്ദേഹത്തെ മരണശേഷവും വേട്ടയാടിയവരും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി. പത്തനാപുരം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജ്യോതികുമാര്‍ ചാമക്കാലയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ജീവിതം മെഴുകുതിരി പോലെ ഉരുക്കിത്തീര്‍ത്ത് ജനങ്ങള്‍ക്കായി സമര്‍പ്പിച്ച പുണ്യശ്ലോകനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഷാഫി പറമ്പില്‍ അനുസ്മരിച്ചു. ആ മനുഷ്യനെ അദ്ദേഹം ജീവിച്ചിരുന്നപ്പോഴും മരണപ്പെട്ട ശേഷവും ദ്രോഹിച്ചവര്‍ക്കെതിരെയുള്ള രാഷ്ട്രീയ മറുപടിയാകും ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തിലേക്ക് നീങ്ങാന്‍ കേരളത്തിന് ഇനി അഞ്ച് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അന്തിമ പട്ടിക പ്രകാരം 2,71,42,952 വോട്ടര്‍മാരാണ് സംസ്ഥാനത്തുടനീളം ഇത്തവണ പോളിങ് ബൂത്തിലെത്തുന്നത്. വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.






