
കൊച്ചി: ലൗ ജിഹാദിന് പുറമെ സംസ്ഥാനത്ത് 'ബിസിനസ് ജിഹാദും', 'ലാന്‍ഡ് ജിഹാദും' സജീവമാണെന്ന കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ. കേരളത്തിലെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെ ലക്ഷ്യമിട്ട് ബിജെപി നേതാവ് നടത്തിയ ആരോപണം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. എഫ്ആര്സിഎയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കവെയാണ് ഈ പരാമര്‍ശങ്ങള്‍.
നിയമം വെച്ച് നിയമപരമായ മാര്‍ഗങ്ങളിലൂടെ വിദേശത്ത് നിന്ന് പണം കൈപ്പറ്റുന്നവര്‍ക്ക് ആശങ്കപ്പെടാനൊന്നുമില്ലെന്നും എന്നാല്‍ അനധികൃതമായി ഫണ്ട് എത്തിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സാമ്പത്തിക മേഖലയുമായി ബന്ധപ്പെടുത്തി അവര്‍ ഉന്നയിച്ച 'ജിഹാദ്' ആരോപണങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
നേരത്തേ വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായ ആര്. ശ്രീലേഖയും കഴിഞ്ഞ ദിവസം സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് നടക്കുമ്പോള്‍ സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത് സ്ത്രീ സുരക്ഷയെ സാരമായി ബാധിക്കുന്നുവെന്നും ശ്രീലേഖ ആരോപിച്ചു.
ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്നിട്ടും തനിക്ക് പോലും നീതി ലഭിക്കാത്ത സാഹചര്യമുണ്ടായി. രാഷ്ട്രീയ അനുമതിയില്ലാതെ ഡിജിപിക്ക് പോലും കീഴുദ്യോഗസ്ഥരെ പിന്തുണയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ബിജെപി നേതാക്കള്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ വാക്പോരുകള്‍ക്ക് കാരണമാകുമെന്ന് ഉറപ്പാണ്.






