
തൊടുപുഴ: തൊടുപുഴയ്‌ക്ക് സമീപം മലമുകളിലുള്ള ഉറവപ്പാറ വിനോദ സഞ്ചാരകേന്ദ്രത്തില്‍ ഇടിമിന്നലേറ്റ് 12 വയസുകാരി മരിച്ചു. കുട്ടിയുടെ പിതാവിനും രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനും പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. ദുഖവെള്ളി ദിനത്തില്‍ വൈകിട്ട് ആറോടെയായിരുന്നു സംഭവം.
പെരുമ്പാവൂര്‍ മുടിക്കല്‍ വടക്കനേതില്‍ നഫീസത്തുള്‍ മിസ്‌റിയ(12) ആണ് മരിച്ചത്. മിസ്‌റിയയുടെ പിതാവ് വി.എം അഫ്‌സല്‍(39), തൊടുപുഴ മങ്ങാട്ടുകവല കളത്തില്‍ ഗോകുല്‍ എസ്. രാജ്(26) എന്നിവര്‍ക്കാണു പരുക്കറ്റത്. അപകടത്തില്‍പ്പെട്ട എല്ലാവരെയും ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഫീസത്തുള്‍ മിസ്‌റിയ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഗുരുതര പരുക്കറ്റ വി.എം. അഫ്‌സല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വെള്ളിയാഴ്‌ച വൈകിട്ട് മുതല്‍ തൊടുപുഴ മേഖലയില്‍ അതിശക്‌തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു. ഈ സമയം ഉറവപ്പാറ മലയുടെ മുകളില്‍ ആയിരുന്ന ഇവര്‍ വേഗത്തില്‍ ഇറങ്ങി വരാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇടിമിന്നലേല്‍ക്കുകയായിരുന്നു. തൊടുപുഴ പോലീസ് മേല്‍നടപടി സ്വീകരിച്ചു.






