ആലപ്പുഴ: ഇടതുപക്ഷം നേരിടുന്ന തിരിച്ചടിക്കു പ്രധാന കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയെന്നു മുന്‍മന്ത്രിയും അമ്പലപ്പുഴയിലെ യു.ഡി.എഫ്. പിന്തുണയുള്ള സ്വതന്ത്ര സ്‌ഥാനാര്‍ഥിയുമായ ജി. സുധാകരന്‍. ആലപ്പുഴയില്‍ യു.ഡി.എഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2004ല്‍ 64 എം.പിമാരുണ്ടായിരുന്ന സ്‌ഥാനത്തുനിന്ന് ഇപ്പോഴത്തെ ആറിലേക്കു ചുരുങ്ങിയതില്‍ പിണറായിക്കു വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നതിനും തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിട്ടതിനും പ്രധാന കാരണം മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ ശൈലിയാണ്. ഈ ശൈലി തുടരുന്നതു പാര്‍ട്ടിക്കും മുന്നണിക്കും ഗുണകരമല്ല. സി.പി.എം. കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇന്ത്യാ മുന്നണിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സമയത്ത് പോളിറ്റ് ബ്യൂറോയില്‍ പിണറായി വിജയന്‍ ഉറങ്ങുകയായിരുന്നോ? പിണറായി ഇപ്പോള്‍ മലര്‍ന്നു കിടന്നു തുപ്പുകയാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ വളര്‍ന്നതു പിണറായി വിജയന്റെ തണലിലാണെന്ന വാദം സുധാകരന്‍ പൂര്‍ണമായും തള്ളി. 'ഞാന്‍ 15-ാം വയസിലാണ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്. 1967 കാലഘട്ടത്തില്‍ പിണറായി വിജയനെ തിരുവിതാംകൂറില്‍ ആര്‍ക്കും അറിയില്ലായിരുന്നു. അദ്ദേഹം അന്നു മലബാറില്‍ തലശേരിയില്‍ ഒതുങ്ങിനിന്ന നേതാവുമാത്രമായിരുന്നു. പിണറായി വിജയന്‍ എല്ലാവരുടെയും രക്ഷകര്‍തൃത്വം ഏറ്റെടുക്കുന്നതെന്തിനാണ്? എന്റെ അനുജനും രക്‌തസാക്ഷിയുമായ ജി. ഭുവനേശ്വരന്റെ കേസ് നടത്താന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി പത്തു പൈസ പോലും നല്‍കിയിട്ടില്ല. വീട്ടിലെ ആഞ്ഞിലി മരം വെട്ടി വിറ്റ പണം കൊണ്ടാണ് ആ കേസ് നടത്തിയത്. ഏറ്റവും വലിയ മതനിരപേക്ഷ പ്രസ്‌ഥാനമായ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നതില്‍ യാതൊരു തകരാറും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലില്ല'-സുധാകരന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.






