കോട്ടയം: പോരാടുന്ന അധ്യാപകരോട് ഏറ്റുമുട്ടാന്‍ അഭിഭാഷകനായ കേന്ദ്രമന്ത്രി. വോട്ടു ബാങ്കാണു കണക്കെങ്കില്‍ മൂന്നു മുന്നണികളും ഒരുപോലെ. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ പോരാട്ടത്തിനു കടുപ്പമേറാന്‍ ഈ കാരണങ്ങള്‍ ധാരാളം. പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ സിറ്റിങ് എം.എല്‍.എ. ഡോ. എന്‍. ജയരാജും യു.ഡി.എഫ് സ്‌ഥാനാര്‍ഥി പ്രഫ. റോണി കെ. ബേബിയും എന്‍.ഡി.എ സഥാനാര്‍ഥി ജോര്‍ജ് കുര്യനും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണു നടക്കുന്നത്.
കേന്ദ്രമന്ത്രി മത്സരിക്കുന്ന സംസ്‌ഥാനത്തെ ഏക മണ്ഡലമാണിത്. പേര് കാഞ്ഞിരപ്പള്ളിയെന്നാണെങ്കിലും സ്വഭാവം ഇപ്പോഴും പഴയ വാഴൂരിന്റേതുതന്നെ. ഇതാണ് മുന്നണികള്‍ക്ക് ആത്മവിശ്വാസവും ആശങ്കയും നല്‍കുന്നതും. 2021 ല്‍ എല്‍.ഡി.എഫിന് 13703 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ മണ്ഡലം 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു നല്‍കിയ ഭൂരിപക്ഷം 9800. പിന്നാലെ വന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം വീണ്ടും എല്‍.ഡി.എഫിനായി. 6083 വോട്ടിനായിരുന്നു മേല്‍ക്കൈ. മണ്ഡലത്തിലുള്‍പ്പെടുന്ന ചിറക്കടവ്, വാഴൂര്‍, വെള്ളാവൂര്‍ പഞ്ചായത്തുകള്‍ എല്‍.ഡി.എഫും കാഞ്ഞിരപ്പള്ളി, മണിമല, പള്ളിക്കത്തോട്, കങ്ങഴ, കറുകച്ചാല്‍, നെടുംകുന്നം പഞ്ചായത്തുകള്‍ യു.ഡി.എഫുമാണു ഭരിക്കുന്നത്. മിക്ക പഞ്ചായത്തുകളിലും ബി.ജെ.പി ശക്‌തമായ സാന്നിധ്യമായതിനാല്‍ മൂന്നു മുന്നണികളും കാഞ്ഞിരപ്പള്ളിയെ ഒരുപോലെയാണു പരിഗണിക്കുന്നത്.
തുടര്‍ച്ചയായ അഞ്ചാം ജയം തേടി മത്സരത്തിനിറങ്ങിയ ഡോ. ജയരാജ് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനനേട്ടങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. പരിചയപ്പെടുത്തല്‍ ആവശ്യമില്ലെന്നതും വോട്ടുബലവും വിജയത്തിലേക്കു നയിക്കുന്ന ഘടകങ്ങളായി എല്‍.ഡി.എഫ് വിലയിരുത്തുന്നു. മണ്ഡലത്തിലുടനീളം വ്യക്‌തി, രാഷ്‌ട്രീയ, സാമുദായിക ബന്ധങ്ങള്‍ക്കുടമയാണു ജയരാജ്. സ്‌ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതിനാല്‍ മാസങ്ങള്‍ക്കു മുമ്പേ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തിരുന്നു. മണ്ഡലപര്യടനം പൂര്‍ത്തിയാക്കി ഭവനസന്ദര്‍ശനങ്ങളിലൂടെയും കുടുംബസംഗമങ്ങളിലൂടെയും വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണു ജയരാജ്.
ദിവസങ്ങള്‍ നീണ്ട അനിശ്‌ചിതത്വത്തിനൊടുവിലാണ് യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി പ്രഫ. റോണി കെ. ജോര്‍ജ് എത്തിയതെങ്കിലും അവസാന ലാപ്പിലായപ്പോഴേക്കും ഇടത്, എന്‍.ഡി.എ സ്‌ഥാനാര്‍ഥികള്‍ക്കൊപ്പം അദ്ദേഹം കളംനിറഞ്ഞു. പരിഗണിക്കപ്പെട്ട പലരെയും ഒഴിവാക്കി റോണിയെ സ്‌ഥാനാര്‍ഥിയാക്കിയപ്പോള്‍ പലരും നെറ്റിചുളിച്ചിരുന്നു. എന്നാല്‍ ചിട്ടയായ പ്രചാരണത്തിലൂടെ ഇതിനെയെല്ലാം മറികടക്കാന്‍ അദ്ദേഹത്തിനായി. മണ്ഡലത്തിലെ വികസന പിന്നോക്കാവസ്‌ഥ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണത്തിലൂടെയാണ് റോണിയുടെ മുന്നേറ്റം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൊത്തത്തിലുള്ള വോട്ടുവിഹിതം കുറവാണെങ്കിലും ഭൂരിഭാഗം പഞ്ചായത്തുകളും ഭരിക്കുന്നതു യു.ഡി.എഫാണെന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
ജില്ലയില്‍ ബി.ജെ.പിയുടെ ഏക എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെ പാര്‍ട്ടി രംഗത്തിറക്കിയത് ഒന്നിലേറെ ലക്ഷ്യങ്ങളോടെയാണ്. പള്ളിക്കത്തോട്, ചിറക്കടവ്, വാഴൂര്‍, കറുകച്ചാല്‍ പഞ്ചായത്തുകളിലെ ശക്‌തമായ പാര്‍ട്ടിവോട്ടുകള്‍ നേടാനും ൈക്രസ്‌ത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍നിന്ന് വോട്ട് ചോര്‍ത്താനും ജോര്‍ജ് കുര്യനു കഴിയുമെന്നാണു മുന്നണിയുടെ കണക്കുകൂട്ടല്‍. 2016 ല്‍ ബി.ജെ.പി 31,411 വോട്ട് നേടിയ മണ്ഡലത്തില്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കെ. സുരേന്ദ്രന്‍ 36,000 ലേക്ക് വോട്ടുവിഹിതം വര്‍ധിപ്പിച്ചിരുന്നു. 2021 ല്‍ അല്‍ഫോന്‍സ് കണ്ണന്താനം മത്സരിച്ചപ്പോള്‍ വോട്ട് 29,157 ആയി കുറഞ്ഞെങ്കിലും ശരാശരി 30,000 അടിസ്‌ഥാന വോട്ടുകളുണ്ടെന്നാണു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ഇതു യാഥാര്‍ഥ്യമാകുകയും പ്രതീക്ഷിച്ചതുപോലെ വോട്ട് ലഭിക്കുകയും ചെയ്‌താല്‍ വിജയം ഉറപ്പാണെന്ന് എന്‍.ഡി.എ ക്യാമ്പ് പറയുന്നു.
ഷിന്റോ തോമസ്






