ആലപ്പുഴ: ഈ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാകുമെന്നും കേരളത്തില്‍ യഥാര്‍ഥ ഇടതുപക്ഷമായി ആരുമില്ലെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യു.ഡി.എഫ്. സ്‌ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ആലപ്പുഴ കാവുങ്കല്‍ ക്ഷേത്രമൈതാനത്തു നടത്തിയ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിനെ മുന്നോട്ടു നയിക്കുന്നതു വര്‍ഗീയതയുടെ അദൃശ്യകരമാണെന്നും കേരളത്തില്‍ ബി.ജെ.പി- സി.പി.എം. ബന്ധമുണ്ടെന്നും രാഹുല്‍ പറഞ്ഞു. 'ഇടതുപക്ഷത്തു രണ്ടു വിഭാഗം നേതാക്കളാണുള്ളത്. അവസരവാദ നിലപാടുള്ള നേതാക്കളാണ് ഒരു വിഭാഗം. ബി.ജെ.പി. എന്നല്ല, ആരുടെ സഹായം നേടിയാലും അവര്‍ക്കു കുഴപ്പമില്ല. എങ്ങനെയും അധികാരത്തില്‍ തുടര്‍ന്നാല്‍ മതി. മറ്റൊരു വിഭാഗം ഇടതു പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നവരാണ്. ആ വിഭാഗം ഇന്നു ചതിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ആര്‍.എസ്.എസിനെ എതിര്‍ക്കുന്ന എന്റെ പേരില്‍ മുപ്പത്തിയെട്ടോളം കേസുകളുണ്ട്. ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്നെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും വേട്ടയാടുകയാണ്. എങ്കിലും ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍നിന്നു പിന്മാറില്ല. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിയെ തൊടാത്തത്. നരേന്ദ്രമോദി എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ചു പറയും. എങ്ങനെയാണ് അമ്പലങ്ങളെ അപമാനിച്ചതെന്നു പറയും. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നു. അയ്യപ്പന്റെ സ്വര്‍ണമാണ് കവര്‍ന്നത്. കേരളത്തില്‍ വന്ന പ്രധാനമന്ത്രി ഇതേക്കുറിച്ച് ഒന്നും മിണ്ടിയില്ല. മോദി ദൈവത്തെ പോലും മറന്നു. ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണു മോദിയുടെ ലക്ഷ്യം. രാജ്യത്ത് ഇടതുപക്ഷം ബി.ജെ.പിക്കു വെല്ലുവിളി ആകില്ലെന്നു മോദിക്കു നന്നായി അറിയാം.
പ്രതിഷേധങ്ങളെ മുഖ്യമന്ത്രി അക്രമമായി കണക്കാക്കുന്നു. കരിങ്കൊടി പ്രതിഷേധം നടത്തിയവരെ വരെ ആക്രമിച്ചു. അധികാരത്തില്‍ തുടര്‍ന്നപ്പോള്‍ ജനങ്ങളുമായുള്ള ബന്ധം അവര്‍ക്ക് ഇല്ലാതായി. ജനങ്ങളുമായുള്ള ബന്ധം നഷ്‌ടമായി എന്ന് അവരെ മനസിലാക്കികൊടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്. കേരളം മയക്കുമരുന്നിന്റെ രാജ്യതലസ്‌ഥാനമായി മാറി. കര്‍ഷകരും കയര്‍ തൊഴിലാളികളുമടക്കം ദുരിതത്തിലാണ്. രാജ്യത്തു ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. കേരളത്തില്‍നിന്നുള്ള കന്യാസ്‌ത്രീകള്‍ ആക്രമിക്കപ്പെട്ടു. ഇതു ചെയ്‌തവരോടാണ് കേരളത്തിലെ മുഖ്യമന്ത്രിക്കു ബന്ധമുള്ളത്. പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നതു ഡൊണള്‍ഡ് ട്രംപ് ആണ്. ട്രംപ് പറയുന്നതു മോദി നടപ്പാക്കുന്നു. എപ്‌സ്‌റ്റീന്‍ ഫയലുകളില്‍ നരേന്ദ്രമോദിയും മോദി മന്ത്രിസഭയിലെ പല പ്രമുഖരുമുണ്ട്'-രാഹുല്‍ഗാന്ധി പറഞ്ഞു.
ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, മുന്‍മന്ത്രിയും യു.ഡി.എഫ്. പിന്തുണയുള്ള സ്വതന്ത്ര സ്‌ഥാനാര്‍ഥിയുമായ ജി. സുധാകരന്‍, ആലപ്പുഴ ജില്ലയിലെ മറ്റു യു.ഡി.എഫ്. സ്‌ഥാനാര്‍ഥികളായ കെ.ആര്‍. രാജേന്ദ്രപ്രസാദ്, അഡ്വ.എം. ലിജു, എ.ഡി. തോമസ്, റെജി ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






