
'വന്ദേഭാരത് എക്സ്പ്രസ്സിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെച്ചൊല്ലി വീണ്ടും വിവാദം. വാരാണസിയില്‍ നിന്ന് ദേവ്ഘറിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് വിളമ്പിയ ഉച്ചഭക്ഷണം കഴിച്ച യുവതിക്കും രണ്ടു വയസ്സുകാരനായ മകനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായാണ് പരാതി. സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (IRCTC) അന്വേഷണം പ്രഖ്യാപിച്ചു.'
ഭക്ഷണം കഴിച്ചതിനു പിന്നാലെ തന്റെ മേല്‍ചുണ്ടുകള്‍ വല്ലാതെ തടിച്ചു വീര്‍ത്തതായും ഗുരുതരമായ അലര്‍ജി ഉണ്ടായതായും മാര്‍ച്ച് 27ന് ട്രെയിന്‍ നമ്പര്‍ 22500ല്‍ യാത്ര ചെയ്ത യുവതി പരാതിപ്പെട്ടു. തടിച്ചു വീര്‍ത്ത ചുണ്ടുകളുടെ ചിത്രങ്ങളും ഡോക്ടറുടെ കുറിപ്പടിയും സഹിതം റെയില്‍വേ സേവ, ഐആര്‍സിടിസി എന്നിവയെ ടാഗ് ചെയ്തുകൊണ്ടാണ് അവര്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിപ്പ് പങ്കുവെച്ചത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലായിരുന്നെങ്കില്‍ ഈ അലര്‍ജി ജീവനു തന്നെ ഭീഷണിയായേനെ എന്നും അവര്‍ വെളിപ്പെടുത്തി. തനിക്കൊപ്പം ഉണ്ടായിരുന്ന രണ്ടു വയസ്സുകാരന് മകനും ഭക്ഷണം കഴിച്ച ശേഷം വയറിളക്കം പിടിപെട്ടുവെന്നും അവര്‍ ആരോപിച്ചു.
രാവിലെ 10 മണിയോടെ ഉണര്‍ന്നപ്പോള്‍ ചുണ്ടുകള്‍ തടിച്ചു വീര്‍ത്തപ്പോഴാണ് സ്ഥിതി ഗുരുതരമാണെന്ന് തനിക്ക് മനസ്സിലായതെന്ന് യുവതി കുറിച്ചു. തന്റെയും മകന്റെയും ആരോഗ്യസ്ഥിതിയെക്കുറിച്ച് പരാതി നല്‍കിയിട്ടും റെയില്‍വേ അത് ഗൗരവത്തോടെ എടുത്തില്ലെന്നും വന്ദേഭാരതിലെ ഭക്ഷണം നിലവാരമില്ലാത്തതാണെന്നും അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ മാര്‍ച്ച് 27ന് വിളമ്പിയ ഉച്ചഭക്ഷണം പരിശോധിച്ചെന്നും അത് തൃപ്തികരമാണെന്നും വ്യക്തമാക്കി ഐആര്‍സിടിസി യുവതിയുടെ ആരോപണം തള്ളി. ഐആര്‍സിടിസിയുടെ ഈ വിശദീകരണത്തില്‍ യുവതി ശക്തമായ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ കഴിയാതിരുന്നതിനാല്‍ അന്ന് തങ്ങള്‍ വന്ദേഭാരതിലെ ഭക്ഷണം മാത്രമാണ് കഴിച്ചതെന്നും എന്നാല്‍ തങ്ങള്‍ മാത്രം ബുദ്ധിമുട്ടിയത് റെയില്‍വേയ്ക്ക് ഒരു വിഷയമല്ലെന്ന് വ്യക്തമായെന്നും യുവതി മറുപടി നല്കി. അടുത്തിടെ പാട്നടാറ്റാനഗര് വന്ദേഭാരതില്‍ അമുല്‍ തൈരില്‍ പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയെത്തുടര്‍ന്ന് സ്വകാര്യ കരാറുകാരന് 50 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. അന്നത്തെ അന്വേഷണത്തില്‍ ഐആര്‍സിടിസിയ്ക്ക് 10 ലക്ഷം രൂപയും പിഴയൊടുക്കേണ്ടി വന്നു. മറ്റാര്‍ക്കും അസുഖം വരാത്തതില്‍ സന്തോഷമുണ്ടെങ്കിലും തങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് റെയില്‍വേ അവഗണിക്കുകയാണെന്ന് യുവതി കൂട്ടിച്ചേര്‍ത്തു.






