
ഭാര്യയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ ദേഷ്യത്തില്‍ ജീവനക്കാരിയുടെ ഭര്‍ത്താവും സംഘവും ചേര്‍ന്ന് സലൂണ്‍ ഉടമയെ ക്രൂരമായി മര്‍ദിച്ചു. വടക്കന്‍ ബെംഗളൂരുവിലെ അവലഹള്ളിയിലുള്ള 'സ്‌കിന്‍ ഷൈന്‍ യൂണിസെക്‌സ് സലൂണില്‍' മാര്‍ച്ച് 28 നായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ സലൂണ്‍ ഉടമ മോഹന്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നുകഴിഞ്ഞു.
സലൂണിലെ ജീവനക്കാരിയായിരുന്ന സുഷമയെ ജോലിയില്‍ നിന്നും നേരത്തെ ഉടമ പിരിച്ചുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തര്‍ക്കങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ സുഷമയുടെ ഭര്‍ത്താവും നാലഞ്ചു പേരടങ്ങുന്ന സംഘവും സലൂണിലേക്ക് അതിക്രമിച്ചു കയറുന്നത്. പിന്നാലെ, ഇവര്‍ മോഹന്‍ കുമാറിനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ശേഷം ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചു. അക്രമം തടയാന്‍ ശ്രമിച്ച മോഹന്‍ കുമാറിന്റെ ഭാര്യ ശ്രീജയെയും സംഘം മര്‍ദ്ദിച്ചതായും ആരോപണമുണ്ട് .
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അവലഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കയാണ്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.






