
ഒരു നഴ്സറിയിലെ ഫീസ് കണ്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ഹരിയാണയില്‍ നിന്നുള്ള പൂജാ സേത്തിയ എന്ന എച്ച്ആര്‍ പ്രൊഫഷണലും പോഡ്കാസ്റ്ററുമാണ് കണ്ണ് തള്ളിക്കുന്ന ഫീസ് വിവരങ്ങള്‍ പങ്കുവെച്ചത്. ഓരോ പാദവാര്ഷികത്തിലേയും ഫീസ് വിശദീകരിക്കുന്ന സ്ക്രീന്‍ഷോട്ട് സഹിതം ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ച കുറിപ്പ് ഇതിനകം വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
തന്റെ കുട്ടിയുടെ ഈ വര്‍ഷത്തെ പാദവാര്‍ഷിക നഴ്സറി ഫീസ് ഘടന വെറും തമാശയല്ലെന്ന് പൂജ വ്യക്തമാക്കുന്നു. ഇത്രയും വലിയ തുക ഫീസായി നല്‍കുന്നതിന് പകരം അവനെ വീട്ടിലിരുത്തി പഠിപ്പിക്കുകയും ഈ തുക എസ്ഐപിയില്‍ നിക്ഷേപിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് താന്‍ ആലോചിക്കുകയാണെന്നും അവര്‍ കുറിച്ചു. കുട്ടിയുടെ കൈയക്ഷരം മോശമായാല്‍ പോലും അവന് നല്ല അറിവുനേടി ഡിഗ്രി കരസ്ഥമാക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവര്‍ പരിഹാസരൂപേണ കൂട്ടിച്ചേര്‍ത്തു.
പൂജ പങ്കുവെച്ച കണക്കുകള്‍ പ്രകാരം മൂന്നുമാസത്തേക്ക് 1,24,780 രൂപയാണ് കുട്ടിയുടെ നഴ്സറി ഫീസ്. വര്‍ഷത്തില്‍ മൂന്ന് തവണയായി ആകെ 3,74,340 രൂപയാണ് അടയ്ക്കേണ്ടി വരുന്നത്. ഈ പോസ്റ്റിന് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. തന്റെ ബിരുദവും പിജിയും പൂര്‍ത്തിയാക്കാന്‍ ഒരു പാദത്തിലെ ഫീസ് മതിയാകുമായിരുന്നു എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍, ഗുഡ്ഗാവിലെ ഫീസ് ഘടന ഇങ്ങനെയൊക്കെയാണെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.
'ഫീസ് കുറവുള്ള സ്ഥാപനങ്ങളുമുണ്ട്. ഈ പണം അടയ്ക്കണമെന്ന് പറഞ്ഞ് ആരും നിങ്ങള്‍ക്കുനേരെ തോക്ക് ചൂണ്ടുന്നില്ല. നിങ്ങള്‍ക്ക് കൊടുക്കാന്‍ കഴിയുകയുമില്ല, എന്നാല്‍ ആ സ്ഥാപനത്തില്‍ പോകുകയും വേണം എന്നുള്ളപ്പോഴാണ് ഇങ്ങനെ തോന്നുക' എന്നാണ് ഇനിയൊരാള്‍ കുറിച്ചത്.






