
എത്ര അകലെയാണെങ്കിലും അത്രത്തോളം ആഴമേറിയതാണ് സഹോദരങ്ങള്‍ തമ്മിലുള്ള സ്‌നേഹം. ഇത് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ നമ്മുക്ക് മുന്‍പിലുണ്ട്. ഇപ്പോഴിതാ സഹോദരനോടുള്ള സ്‌നേഹത്തിന് ഏതറ്റം വരെയും പോകാന്‍ കഴിയുമെന്ന് തെളിയിച്ച ചൈനയിലെ ലിന്‍ എന്ന സഹോദരിയുടെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തട്ടിക്കൊണ്ടുപോകപ്പെട്ട തന്റെ സഹോദരനെ 33 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം യുവതി വീണ്ടെടുത്തിരിക്കുകയാണ്. കുട്ടിക്കാലത്തെ ഒരു ഫോട്ടോ മാത്രമായിരുന്നു ഈ യാത്രയില്‍ അവളുടെ പക്കല്‍ ഉണ്ടായിരുന്ന ഏക വഴിത്തിരിവ്. ചൈനയില്‍ നിന്നുള്ള ലിന്‍ എന്ന യുവതിയുടെ ഈ പോരാട്ടം ഇതിനോടകം ആളുകളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.
ചൈനയിലെ ലി ലിനും സഹോദരന്‍ ലി സിന്നും കുട്ടിക്കാലത്ത് തന്നെ അനാഥരായവരാണ്. അമ്മ മരിക്കുകയും പിതാവിന്റെ മാനസിക നില തെറ്റുകയും ചെയ്തതോടെ ആഹാരത്തിനായി അവര്‍ക്ക് തെരുവുകളില്‍ അലയേണ്ടി വന്നു. ഒരു മഴദിവസം അഭയം തേടി ട്രക്കില്‍ കയറി മറ്റൊരു നഗരത്തില്‍ എത്തിയ അവര്‍ക്ക് അവിടെ വെച്ചാണ് വിധി വില്ലനായത്. ഒരു സ്ത്രീ നല്‍കിയ ബ്രഡ് കഷ്ണത്തില്‍ വിശ്വസിച്ച് അനിയനെ അവര്‍ക്കൊപ്പം അയച്ച ലിന്നിന് പിന്നീട് അവനെ കാണാന്‍ കഴിഞ്ഞില്ല. തന്റെ സംരക്ഷണയിലായിരുന്ന അനിയനെ നഷ്ടപ്പെട്ട കുറ്റബോധവുമായാണ് പിന്നീട് ലിന്‍ ജീവിച്ചത്.
സ്ത്രീക്കൊപ്പം പോയ അനിയനെ ഗുവാങ്‌ഡോങ്ങിലെ ഒരു കുടുംബം ദത്തെടുത്ത് പേര് മാറ്റി വളര്‍ത്തി. ദത്തെടുത്ത വീട്ടില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചും ഭിക്ഷാടനം നടത്തിയും കഠിനമായ സാഹചര്യങ്ങളിലൂടെയാണ് അവന്‍ കടന്നുപോയത്. എന്നാല്‍ ലിന്‍ അവനെ കണ്ടെത്താനായി തന്റെ ജീവിതം തന്നെ മാറ്റിവെച്ചു. ഇഷ്ടിക ചുമന്നും ഹോട്ടലുകളില്‍ പാത്രം കഴുകിയും ജോലി ചെയ്ത് ഏകദേശം 1.2 കോടി രൂപയാണ് സഹോദരനെ തിരയാന്‍ വേണ്ടി മാത്രം അവള്‍ ചെലവാക്കിയത്.
രാജ്യം മുഴുവന്‍ പതിനായിരക്കണക്കിന് നോട്ടീസുകള്‍ വിതരണം ചെയ്തും ലിന്‍ അന്വേഷണം തുടര്‍ന്നു. ഒടുവില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ലിന്നിന്റെ പക്കലുണ്ടായിരുന്ന പഴയ ഫോട്ടോ ഉപയോഗിച്ച് ഗുവാങ്‌ഡോങ്ങിലുള്ള ഒരാളെ തിരിച്ചറിയുകയായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെ അത് കാണാതായ ലി സിന്‍ തന്നെയാണെന്ന് ഉറപ്പിച്ചു. 33 വര്‍ഷത്തെ ആ വേദനയ്ക്കും കാത്തിരിപ്പിനും ഒടുവില്‍ ആ സഹോദരങ്ങള്‍ വീണ്ടും ഒന്നിച്ചു.
മാര്‍ച്ച് 23ന് പോലീസ് സ്‌റ്റേഷനില്‍ വെച്ച് അനിയനെ കണ്ടുമുട്ടിയപ്പോള്‍ ലിന്‍ എത്തിയത് ഒരു ബാഗ് നിറയെ ബ്രഡുമായാണ്. ഒരു കഷ്ണം ബ്രഡിന്റെ പേരിലാണ് തനിക്ക് അവനെ നഷ്ടപ്പെട്ടതെന്നും, അതുകൊണ്ട് ഇനി ഒരിക്കലും അവന്‍ വിശന്നിരിക്കരുത് എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ലിന്‍ പറഞ്ഞത് കണ്ടുനിന്നവരെയെല്ലാം കരയിപ്പിച്ചു. ഒരു ചെറിയ ഫോട്ടോയില്‍ തുടങ്ങിയ ആ തിരച്ചില്‍ ലോകത്തിന് മുന്നില്‍ വലിയൊരു സ്‌നേഹത്തിന്റെ കഥയായി മാറി.






