
നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷുമായുണ്ടായ നിയമതര്‍ക്കത്തില്‍ ആദ്യമായി പരസ്യമായി പ്രതികരിച്ച് സംവിധായകനും നടിയുടെ ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്‍. നയന്‍താരയുമായുളള നിയമപ്രശ്‌നത്തെത്തുടര്‍ന്ന് ധനുഷുമായുളള വ്യക്തിബന്ധം നഷ്ടമായതില്‍ താനിന്ന് ഖേദിക്കുന്നുവെന്ന് വിഘ്‌നേഷ് ശിവന്‍ പറഞ്ഞു. ധനുഷിനെ താന്‍ അച്ഛനെപ്പോലെയാണ് കാണുന്നതെന്നും വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രം ' ലവ് ഇന്‍ഷുറന്‍സ് കമ്പനി' യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍.
' എനിക്ക് ധനുഷ് സാറിനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പിറന്നാള്‍ ജൂലായ് 28-നാണ്. അതേ ദിവസമാണ് എന്റെ അച്ഛന്‍ മരിച്ചത്. അച്ഛന്റെ സാന്നിധ്യമാണ് എനിക്ക് അദ്ദേഹത്തില്‍ അനുഭവപ്പെടുന്നത്. അദ്ദേഹത്തെ ഞാന്‍ അങ്ങനെയാണ് കാണുന്നത്', വിഘ്‌നേഷ് പറഞ്ഞു.
' അദ്ദേഹവുമായുളള ബന്ധം മുറിഞ്ഞത് എന്റെ ഏറ്റവും വലിയ നഷ്ടമായി കരുതുന്നു. എനിക്കതില്‍ വലിയ ഖേദമുണ്ട്. എവിടെയോ എന്തോ തെറ്റ് സംഭവിച്ചു. ഇന്നത്തെ എന്റെ ജീവിതത്തില്‍ ധനുഷ് സര്‍ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരാളാണ്', വിഘ്‌നേഷ് വ്യക്തമാക്കി.
' വിഐപി ( വേലയില്ലാ പട്ടധാരി) യുടെ ഷൂട്ടിങ്ങിനിടെ ഞാന്‍ അദ്ദേഹത്തിനൊപ്പം രണ്ടുവര്‍ഷത്തോളമുണ്ടായിരുന്നു. അദ്ദേഹം കഴിച്ചശേഷം മാത്രമേ ഞാന്‍ ഭക്ഷണം കഴിച്ചിരുന്നുളളൂ. ചിലപ്പോള്‍ ആളുകള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ എന്താണ് സാഹചര്യമെന്ന് പോലും നമുക്ക് മനസിലാക്കാന്‍ കഴിയാറില്ല', വിഘ്‌നേഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.
വിഘ്‌നേശിന്റെയും നയന്‍താരയുടെയും വിവാഹ വീഡിയോയില്‍ നാനും റൗഡി താന്‍ എന്ന സിനിമയിലെ 3 സെക്കന്റ് ദൈര്‍ഘ്യമുളള ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് ചിത്രത്തിന്റെ നിര്‍മാതാവായ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് നയന്‍താര ധനുഷിനെതിരെ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട കത്തും വൈറലായിരുന്നു.
പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനി. നയന്‍താര നിര്‍മിക്കുന്ന ചിത്രത്തില്‍ കൃതി ഷെട്ടി, ഗൗരി ലക്ഷ്മി, യോഗി ബാബു, എസ്.ജെ സൂര്യ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.






