
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കര്‍ണാടകയിലെ നേതാവ് ഡി.കെ. ശിവകുമാറും നുണകള്‍ പടച്ചുവിടാന്‍ വേണ്ടി കേരളത്തില്‍ എത്തിയവരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ബിജെപി വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നുണ പറയാനാണ് അവര്‍ സമയം കണ്ടെത്തുന്നതെന്നും പറഞ്ഞു.
കോണ്‍ഗ്രസിനെതിരെയും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെയും രൂക്ഷവിമര്‍ശനമാണ് നടത്തിയത്. നുണപ്രചാരണത്തിന്റെ കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ സുവര്‍ണ്ണ മെഡല്‍ നല്‍കാമെന്ന് പരിഹസിച്ചു. രാഷ്ട്രീയത്തിലെ ഏറ്റവും വലിയ 'ഫ്രോഡ്' എന്നാണ് രാജീവ് ചന്ദ്രശേഖര്‍ ശിവകുമാറിനെ പരാമര്‍ശിച്ചത്.
ബിജെപി-സിപിഎം രഹസ്യ ധാരണയുണ്ടെന്ന ഡി.കെ. ശിവകുമാറിന്റെ ആരോപണത്തെ പാടേ തള്ളിയ രാജീവ് ചന്ദ്രശേഖര്‍ ഡീലിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് എന്ത് യോഗ്യതയാണുള്ളതെന്നും ചോദിച്ചു. രാഹുല്‍ ഗാന്ധി നേതൃത്വത്തിലേ വന്നതോടെ കോണ്‍ഗ്രസിന് വ്യക്തമായ നയമോ കാഴ്ചപ്പാടോ ഇല്ലാതായി. ജനക്ഷേമത്തിനായി ഒന്നും ചെയ്യാത്ത പാര്‍ട്ടി വെറും നുണപ്രചാരണ കേന്ദ്രമായി മാറിയിരിക്കുന്നു.
കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ആരാണ് കൂടുതല്‍ മണ്ടത്തരങ്ങള്‍ വിളിച്ചുപറയുന്നത് എന്ന കാര്യത്തിലാണ് മത്സരമെന്ന് അദ്ദേഹം പരിഹസിച്ചു. മന്ത്രി വി. ശിവന്‍കുട്ടി പരാജയഭീതി മൂലം ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
രാഹുല്‍ ഗാന്ധി അസം മുഖ്യമന്ത്രിക്കെതിരെ നടത്തിയ നീക്കങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് രാജീവ് ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി. മറ്റൊരാളുടെ പാസ്പോര്‍ട്ടില്‍ അസം മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്ത് വ്യാജരേഖ ചമയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. 'പരാജയഭീതിയില്‍ നിന്നും നിരാശയില്‍ നിന്നുമാണ് ഇത്തരം തരംതാണ ആരോപണങ്ങളും വ്യാജപ്രചാരണങ്ങളും ഉണ്ടാകുന്നത്. ഇത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നും പറഞ്ഞു.






