
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ക്ഷേത്രങ്ങളുടെ ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും ഒരു സവിശേഷമായ ആചാരം നിലനിര്‍ത്താന്‍ വേണ്ടിയാണ് നിശ്ചിത പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമര്‍പ്പിച്ച ലിഖിത വാദങ്ങളുടെ വിശദാംശങ്ങളില്‍ പറയുന്നു.
ശബരിമലയിലെ പ്രതിഷ്ഠ 'നൈഷ്ഠിക ബ്രഹ്മചാരി' സങ്കല്പത്തിലുള്ളതാണ്. യുവതീപ്രവേശനം ക്ഷേത്രത്തിന്റെ നൂറ്റാണ്ടുകളായുള്ള ആരാധനാ സ്വഭാവത്തെയും തനിമയെയും തകര്‍ക്കും. ദശലക്ഷക്കണക്കിന് ഭക്തര്‍ പിന്തുടരുന്ന ഈ ആചാരം ഏതാനും വ്യക്തികള്‍ക്ക് വേണ്ടി മാറ്റുന്നത് ശരിയല്ല. 2018-ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി തെറ്റാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമര്‍പ്പിച്ച വാദത്തില്‍ പറയുന്നു.
ആരാധനാമൂര്‍ത്തിയുടെ സ്വത്വമോ ആചാരങ്ങളുടെ സാംഗത്യമോ പരിശോധിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ല. വിദേശ രാജ്യങ്ങളിലെ കോടതി വിധികള്‍ അതേപടി ഇന്ത്യന്‍ സാഹചര്യങ്ങളിലേക്ക് പകര്‍ത്തി വിശ്വാസ കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ഉചിതമല്ലെന്നും വിമര്‍ശിച്ചു.
ശബരിമല യുവതീപ്രവേശനത്തിനായി കോടതിയെ സമീപിച്ച പഞ്ചാബ് ആസ്ഥാനമായുള്ള സംഘടനയ്ക്ക് ശബരിമലയിലെ ആചാരങ്ങളെക്കുറിച്ചോ വിശ്വാസങ്ങളെ ക്കുറിച്ചോ അറിവില്ല. ഭക്തരല്ലാത്തവര്‍ നല്കിയ ഹര്‍ജികളില്‍ കോടതി ഇടപെടുന്നത് വിശ്വാസികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റ മാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ശബരിമലയിലെ ആചാരങ്ങള്‍ ഏകപക്ഷീയമല്ലെന്നും അവ മാറ്റുന്നത് മതവിശ്വാസത്തെ മുറിപ്പെടുത്തുമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. കേസില്‍ ഇന്ന് മുതല്‍ വാദം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഈ നീക്കം ഏറെ നിര്‍ണ്ണായകമാണെന്നും പറയുന്നു.






