
കണ്ണൂര്‍: ബിജെപിയ്ക്ക് ആളെ സപ്‌ളൈ ചെയ്യുന്നയാളായി കോണ്‍ഗ്രസ് മാറിയെന്നും സിപിഐഎം - ബിജെപി ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ പാപ്പരത്വമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കുത്തനെ കുറഞ്ഞെന്നും ബിജെപി നേരത്തേ നേമത്ത് വിജയിക്കാന്‍ കാരണമായത് കോണ്‍ഗ്രസാണെന്നും പറഞ്ഞു. ബിജെപിയ്‌ക്കോ കേന്ദ്രസര്‍ക്കാരിനോ എതിരേ നില്‍ക്കാനോ പ്രക്ഷോഭങ്ങളുടെ ഭാഗമാകാനോ രാഹുല്‍ഗാന്ധിക്കോ കോണ്‍ഗ്രസിനോ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിനോട് കേന്ദ്രത്തിന് അവഗണനയാണ്. കേന്ദ്രവിഹിതം 25 ശതമാനത്തോളമാണ് കുറഞ്ഞത്. ഇത് വികസനത്തെ പ്രതികൂലമായി ബാധിക്കും. കേരളത്തെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിച്ചപ്പോള്‍ ഇടതുപക്ഷമാണ് അതിനെതിരേ നിന്നത്. ഇത് കേരളത്തിന്റെ പൊതുവായ പ്രശ്‌നമായിട്ട് പോലും ബിജെപിയ്ക്ക് എതിരേ സംസാരിക്കാന്‍ കോണ്‍ഗ്രസിനെ കിട്ടിയില്ല. തങ്ങള്‍ ഡല്‍ഹിയില്‍ എത്തി പ്രതിഷേധിച്ചിട്ടും കോണ്‍ഗ്രസ് അനങ്ങിയില്ല. രാഹുലിന്റെ പാര്‍ട്ടിയും അതിനെതിരേ സംസാരിച്ചില്ല. കേന്ദ്രത്തിന് എതിരേ നില്‍ക്കാനോ പ്രക്ഷോഭങ്ങള്‍ക്കോ രാഹുലോ കോണ്‍ഗ്രസോ തയ്യാറായില്ല. കോണ്‍ഗ്രസ് ഇത് ആരെ സഹായിക്കാനാണെന്ന കാര്യം വ്യക്തമാണെന്നും പറഞ്ഞു.
രാഹുല്‍ഗാന്ധി പറയുന്നത് അബദ്ധജഡിലമായ കാര്യങ്ങളാണ് അത് ബിജെപിയെ സഹായിക്കുന്നതായി മാറുന്നു. രാഹുല്‍ ഉത്തരവാദിത്വ ബോധത്തോടെ കാര്യങ്ങള്‍ പറയണം. സിഎസ് സുജാതയ്ക്ക് എതിരേ ജി സുധാകരന്‍ നടത്തിയ പരാമര്‍ശം അപലപനീയമാണ്. സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കാന്‍ ജി സുധാകരന്‍ ഒരുങ്ങി. പുന്നപ്രയുടെ മണ്ണില്‍ എല്‍ഡിഎഫിന് പോറല്‍ പോലും ഏല്‍ക്കില്ലെന്നും പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതിക്ക് ഏകപക്ഷീയമായ തീരുമാനം എടുക്കാനാകില്ലെന്നും പണ്ഡിതരുടെ അഭിപ്രായം തേടണമെന്നും പറഞ്ഞു. സര്‍ക്കാര്‍ നിലപാട് മാറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ വയനാട്ടിലെ വീട് നിര്‍മ്മാണം പദ്ധതി കടലാസില്‍ മാത്രമായി ഒതുങ്ങിയെന്നും ദുരിതബാധിതരെ കബളിപ്പിക്കാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞു ജനങ്ങളെ പറഞ്ഞു വഞ്ചിക്കുകയായിരുന്നു. കൃത്യമായി കണക്ക് പറയാനാകുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നും ആരോപിച്ചു. ബിജെപി തെറ്റായ ആരോപണങ്ങള്‍ നടത്തുന്ന വര്‍ഗ്ഗീയശക്തികളെ എല്‍ഡിഎഫ് നേരിടുമെന്നും അവരെ അകറ്റി നിര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയത ഉയര്‍ത്തി സംസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല. പേരാമ്പ്രയില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും പറഞ്ഞു.
ഇത് നാടിന്റെ ദിശ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ്. സര്‍ക്കാര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ മുന്നണിയെ ജനം വലിയ രീതിയില്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം കൃത്യമായി നടപ്പാക്കി. മുന്നേറ്റം ശക്തിപ്പെടുത്തുകയും ജനങ്ങളുടെ ക്ഷേമം മുമ്പോട്ട് കൊണ്ടുപോകുകയും വേണം. പുരോഗതിയും സാമൂഹ്യനീതിയും ഉറപ്പാക്കാനായി. സ്ത്രീകള്‍ക്ക് പ്രതിമാസ സഹായം ഉറപ്പാക്കാനായി. ചെയ്യാന്‍ പറ്റുന്നത് മാത്രമേ എല്‍ഡിഎഫ് പറയു. അത് നടപ്പാക്കുകയും വേണം. അഴിമതി എല്ലാക്കാലത്തും ഒഴിവാക്കണം.
യുഡിഎഫിന് അത് സാധിച്ചിട്ടില്ല. കേരളജനത വികസന തുടര്‍ച്ച ആഗ്രഹിക്കുന്നെന്നും ഇടതുമുന്നണിയെ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്നും പിണറായി പറഞ്ഞു.






