
ലോകപ്രശസ്ത കുഴിബോംബ് വേട്ടക്കാരനായ 'മഗാവ' എന്ന എലിയുടെ ഓര്‍മ്മയ്ക്കായി കംബോഡിയയില്‍ സ്മാരക പ്രതിമ സ്ഥാപിച്ചു. അന്താരാഷ്ട്ര ലാന്ഡ്സ്മൈന് ബോധവല്‍ക്കരണ ദിനത്തോടനുബന്ധിച്ച് ഏപ്രില്‍ നാലിന് സിയം റീപ്പിലാണ് കല്ലില്‍ കൊത്തിയ പ്രതിമ അനാവരണം ചെയ്തത്. കുഴിബോംബുകള്‍ കണ്ടെത്തുന്നതില്‍ അസാമാന്യ പ്രകടനം കാഴ്ചവെച്ച ഒരു എലിയ്ക്കായി ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സ്മാരകം നിര്‍മ്മിക്കുന്നത്.
പതിറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷങ്ങളുടെ ബാക്കിപത്രമായി കംബോഡിയന്‍ മണ്ണില്‍ അവശേഷിച്ച കുഴിബോംബുകള്‍ കണ്ടെത്താനാണ് മഗാവ എത്തിയത്. ബെല്‍ജിയന്‍ സന്നദ്ധ സംഘടനയായ അപ്പോപോയുടെ പരിശീലനം പൂര്‍ത്തിയാക്കി 2016ല്‍ മഗാവ ദൗത്യം ഏറ്റെടുത്തു. സ്ഫോടകവസ്തുക്കളിലെ രാസഘടകങ്ങളെ തിരിച്ചറിയാന്‍ ടാന്‍സാനിയക്കാരനായ മഗാവയെ കഠിനമായ പരിശീലനത്തിലൂടെയാണ് പ്രാപ്തനാക്കിയത്.
ആഫ്രിക്കന്‍ ജയന്റ് പൗച്ച്ഡ് ഇനത്തില്‍പ്പെട്ട മഗാവ തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ നൂറിലധികം സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ബഹുമതി നേടുന്ന ചരിത്രത്തിലെ ആദ്യത്തെ എലിയായി മാറിയ മഗാവയ്ക്ക് 2020ല്‍ 'പി.ഡി.എസ്.എ ഗോള്‍ഡ് മെഡല്‍' ലഭിച്ചു. മൃഗങ്ങളുടെ ജോര്‍ജ് ക്രോസ് എന്നറിയപ്പെടുന്ന ഈ മെഡല്‍ മഗാവയുടെ കഠിനാധ്വാനത്തിനുള്ള വലിയ അംഗീകാരമായിരുന്നു.
മനുഷ്യരേക്കാള്‍ വേഗത്തിലും സുരക്ഷിതമായും കുഴിബോംബുകള്‍ കണ്ടെത്താന്‍ ഇത്തരം എലികള്‍ക്ക് സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഭാരം കുറവായതിനാല്‍ ഇവ കുഴിബോംബുകള്‍ക്ക് മുകളിലൂടെ നടന്നാലും അവ പൊട്ടിത്തെറിക്കില്ല എന്നതാണ് ഏറ്റവും വലിയ നേട്ടം. ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലുപ്പമുള്ള പ്രദേശം വെറും 20 മിനിറ്റിനുള്ളില്‍ പരിശോധിച്ചു തീര്‍ക്കാന്‍ മഗാവയ്ക്ക് കഴിയുമായിരുന്നു.
2030ഓടെ രാജ്യം പൂര്‍ണ്ണമായും മൈന്ഫ്രീ ആക്കാനാണ് കംബോഡിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തോടെ അനേകം എലികളെ അപ്പോപോ ഇപ്പോഴും പരിശീലിപ്പിക്കുന്നുണ്ട്. കുഴിബോംബുകള്‍ കണ്ടെത്താന്‍ മാത്രമല്ല, ക്ഷയരോഗം തിരിച്ചറിയാനും ആഫ്രിക്കയില്‍ വന്യജീവി വേട്ട തടയാനും ഇത്തരം എലികളെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നു.






