
കുവൈത്ത്‌സിറ്റി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ യാത്രാ തടസ്സങ്ങള്‍ മൂലം കുവൈത്തില്‍ ദുരിതത്തിലായ പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് ഒരുക്കിയ പ്രത്യേക ചാര്‍ട്ടര്‍ വിമാനം പറന്നുയര്‍ന്നു. 250 ലേറെ യാത്രക്കാരുമായി ചൊവ്വാഴ്ച സൗദിയിലെ ദമാമില്‍ പുറപ്പെട്ട കുവൈത്ത് എയര്‍വേയ്‌സ് വിമാനം രാത്രി കൊച്ചിയിലെത്തി.
വിസിറ്റ് വിസയിലും മറ്റുമായി കുവൈത്തിലെത്തി, നിലവിലെ സാഹചര്യത്തില്‍ മടക്കയാത്ര അനിശ്ചിതത്വത്തിലായവര്‍ക്ക് ഈ ചാര്‍ട്ടര്‍ വിമാനം വലിയ തുണയായി. തിങ്കളാഴ്ച രാത്രി കുവൈത്തിലെ ഖൈറാന്‍ മാളില്‍ സജ്ജീകരിച്ച പ്രത്യേക കേന്ദ്രത്തില്‍ വെച്ചാണ് യാത്രക്കാരുടെ ചെക്ക്-ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. യാത്ര നടപടികള്‍ സുഗമമാക്കുന്നതിനായി പ്രവാസി വെല്‍ഫെയര്‍ കേന്ദ്ര നേതാക്കളും സന്നദ്ധ സേവനത്തിനായി ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരും കര്‍മ്മരംഗത്തുണ്ടായിരുന്നു. യാത്രക്കാര്‍ക്ക് ലഘുഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത ശേഷമാണ് ഭാരവാഹികള്‍ അവരെ യാത്രയാക്കിയത്. തിരിച്ചുള്ള ഇതേ വിമാനവും ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത് പ്രവാസി വെല്‍ഫെയര്‍ കുവൈത്താണ്. മടക്കയാത്രയിലും പ്രവാസികള്‍ക്ക് സംഘടന ആശ്വാസമേകുന്നുണ്ട്. ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ക്കായി കുവൈത്തിലേക്ക് തിരികെ വരേണ്ടവരെ നിരവധി പ്രവാസികളെ ഇതേ ചാര്‍ട്ടര്‍ വിമാനത്തില്‍ തന്നെ കൊച്ചിയില്‍ നിന്നും കുവൈത്തില്‍ എത്തിക്കും. വിസ കാലാവധി തീരുന്നവരും ജോലിയില്‍ പ്രവേശിക്കാന്‍ വൈകുന്നവരുമായ നിരവധിയാളുകള്‍ക്ക് ഈ മടക്കയാത്ര വലിയ അനുഗ്രഹമായി.
വിമാന യാത്ര നിരക്ക് കുത്തനെ ഉയരുകയും പ്രവാസികള്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ പോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ക്രിയാത്മകമായി ഇടപെടാതിരുന്ന പശ്ചാത്തലത്തിലുമാണ് നിലവിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രവാസികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കിയതെന്ന് പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് ഭാരവാഹികള്‍ പറഞ്ഞു.
മുമ്പ് കോവിഡ് പ്രതിസന്ധിയില്‍ 165 പ്രവാസികള്‍ക്ക് സൗജന്യ ചാര്‍ട്ടര്‍ വിമാനം അയച്ചിരുന്നു പ്രവാസി വെല്‍ഫെയര്‍ കുവൈത്ത്.






