
തിരുവനന്തപുരം: ആവേശകരമായ പരസ്യപ്രചാരണത്തിന് വിരാമമിട്ട് സംസ്ഥാനം ഇന്ന് നിശബ്ദ പ്രചാരണത്തിലേക്ക്. സ്ഥാനാര്‍ഥികളും മുന്നണി പ്രവര്‍ത്തകരും ഇന്ന് വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായിരിക്കും. പോളിംഗ് അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂര്‍ സമയം 'നിശബ്ദ കാലയളവായി' പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണങ്ങളോ പൊതുയോഗങ്ങളോ പാടുള്ളതല്ല.
പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ യാതൊരു വിധ പ്രചാരണങ്ങളും അനുവദിക്കില്ല. നാളെ രാവിലെ മുതല്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്നതിനിടയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ട് മണി മുതല്‍ അതത് മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ ആരംഭിക്കും. വോട്ടെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് മദ്യവില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിതരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ബി.എല്‍.ഒ നല്‍കുന്ന വോട്ടര്‍ സ്ലിപ്പ് മാത്രം വോട്ട് ചെയ്യാന്‍ മതിയാകില്ല. ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമായും കയ്യില്‍ കരുതണം. ഏപ്രില്‍ 29 വരെ എക്‌സിറ്റ് പോളുകള്‍ക്കും പൂര്‍ണ്ണ നിരോധനമുണ്ട്.






