
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് അതിശക്തമാകുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 8, 9 തീയതികളിൽ വിവിധ ജില്ലകളിൽ സാധാരണയേക്കാൾ 2°C മുതൽ 3°C വരെ ചൂട് കൂടാൻ സാധ്യതയുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 37°C വരെയും ഉയർന്നേക്കാം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ 36°C വരെ ചൂട് കൂടാനും സാധ്യതയുണ്ട്.
ഉയർന്ന താപനിലയ്ക്ക് പുറമെ വായുവിൽ ഈർപ്പത്തിന്റെ അളവ് കൂടുന്നതിനാൽ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ കഠിനമായ ചൂടും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. ഉയർന്ന താപനിലയും വായുഭാരവും കാരണം സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഉച്ചസമയങ്ങളിൽ വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.






