
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ സമ്മതിദായക അവകാശം രേഖപ്പെടുത്തി നടനും പാലക്കാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രമേഷ് പിഷാരടി. വോട്ട് ചെയ്ത ചിത്രവും ഒപ്പം കുറിപ്പും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. തൃപ്പൂണിത്തുറയിലാണ് രമേഷ് പിഷാരടി വോട്ട് ചെയ്തത്.
''പെരുമാറ്റ ചട്ടങ്ങള്‍ നിലവിലിരിക്കെ മാധ്യമങ്ങളില്‍ പ്രചാരണ സ്വഭാവമുള്ള കാര്യങ്ങളോ ; മറ്റ് സ്ഥാനാര്‍ഥികളെ കുറിച്ചുള്ള പരാമര്‍ശങ്ങളോ തെറ്റാണ് എന്നാണ് എന്റെ അറിവ്.
തിരഞ്ഞെടുപ്പ് പ്രക്രിയയെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയുന്ന ആളാണ് ഞാന്‍.എന്റെ മൂല്യബോധങ്ങളും മര്യാദകളും ബലഹീനതകള്‍ അല്ല.മറിച്ച് അവയെ മുറുകെ പിടിക്കുന്നതാണ് ശക്തി. പൗരവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വിലയിടുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യും. വ്യക്തിയധിക്ഷേപങ്ങള്‍ക്കും നുണപ്രചാരണങ്ങള്‍ക്കും എന്റെ മൗനം മറുപടിയാകുന്നത് ജനങ്ങളെ ഞാന്‍ അത്രക്കണ്ട് വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയുന്നത് കൊണ്ടാണ്.ജനങ്ങള്‍...ജനങ്ങള്‍...ജനങ്ങള്‍...ജനങ്ങളാണ് ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍'', രമേഷ് പിഷാരടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
അതേസമയം സംസ്ഥാനത്ത് നിയമസഭയിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ തന്നെ അനേകം പ്രമുഖര്‍ വോട്ടുചെയ്യാനെത്തി. പിണറായി വിജയന്‍ കുടുംബത്തോടൊപ്പം പിണറായിലാണ് വോട്ടു രേഖപ്പെടുത്താനെത്തിയത്. നടന്‍ പൃഥ്വിരാജും ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോനും വോട്ട് രേഖപ്പെടുത്തി. മോഹന്‍ലാല്‍ ജന്മനാടായ തിരുവനന്തപുരത്തെ 36-ാം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നടന്‍ മമ്മൂട്ടിയും വോട്ട് രേഖപ്പെടുത്തി.






