
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാകും യുഡിഎഫിനെ ഇത്തവണ കാത്തിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. ഇടതുപക്ഷം ഇനിയും തകരാതിരിക്കണമെങ്കില്‍ ഇത്തവണ ഭരണം ഒഴിയേണ്ടത് അത്യാവശ്യമാണെന്നും പത്തുവര്‍ഷത്തെ ഭരണത്തിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്നും പറഞ്ഞു.
എല്‍ഡിഎഫിന് ലഭിച്ച തുടര്‍ഭരണം അവര്‍ക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതോടെ വൈകുന്നേരം ആറുമണിയോടെ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തുപോകും. അതിനുശേഷം അദ്ദേഹം കേവലം ഒരു 'കെയര്‍ടേക്കര്‍' മുഖ്യമന്ത്രി മാത്രമായിരിക്കുമെന്നും ആന്റണി പരിഹസിച്ചു. ശക്തമായ ഒരു ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുടനീളം കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയാണ്. പത്തു വര്‍ഷമായി സര്‍ക്കാര്‍ തുടരുന്ന ജനദ്രോഹ നടപടികള്‍ക്ക് ജനം ബാലറ്റിലൂടെ കടുത്ത ശിക്ഷ നല്‍കും.
കേരളത്തില്‍ ബിജെപിക്ക് സ്വാധീനമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പണ്ട് ഒ. രാജഗോപാല്‍ വിജയിച്ചത് അദ്ദേഹത്തോടുള്ള വ്യക്തിപരമായ താല്പര്യം കൊണ്ടുമാത്രമായിരുന്നു. രാഷ്ട്രീയമായ ഒരു വേരോട്ടം ബിജെപിക്ക് കേരളത്തില്‍ ലഭിക്കില്ല. യുഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. ഇതില്‍ യാതൊരു സംശയവുമില്ല. ഇനി യുഡിഎഫ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങള്‍ നടത്തും, എല്‍ഡിഎഫ് ആകട്ടെ തങ്ങളുടെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലായിരിക്കുമെന്നും ആന്റണി പറഞ്ഞു.






