
കൊച്ചി : അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമാണെന്ന് ഓര്‍ക്കണമെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും പ്രതികരിച്ചു നടന്‍ മമ്മൂട്ടി. ചെന്നൈയില്‍ നിന്ന് ഇന്ന് രാവിലെ കൊച്ചിയിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുള്‍ഫത്തിനൊപ്പം തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോണ്‍വെന്റ് സ്‌കൂളിലെ 106-ാം നമ്പര്‍ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിലെ പ്രമുഖ സിനിമാതാരങ്ങള്‍ രാവിലെ തന്നെ വോട്ടുചെയ്യുകയും വോട്ടിന്റെ മൂല്യത്തെപ്പറ്റി പ്രതികരിക്കുകയും ചെയ്തു.
നടന്‍ മോഹന്‍ലാല്‍ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മുടവന്‍മുകള്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ 36ാം ബൂത്തിലാണ് അദ്ദേഹം എത്തിയത്. കേരളത്തിലെ വോട്ടര്‍മാരോട് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാന്‍ നടന്‍ മോഹന്‍ലാല്‍ ആഹ്വാനം ചെയ്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരലിന്റെ ചിത്രവും പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം ചിത്രം പങ്കുവെച്ചു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ സര്‍പ്രൈസ് ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഗുരുവായൂരപ്പന്റെ മണ്ണില്‍ തന്റെ ആദ്യത്തെ വോട്ടാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതാരങ്ങളായ ആസിഫ് അലി, ടോവിനോ, കുഞ്ചാക്കോബോബന്‍, മുകേഷ്, സുരാജ് വെഞ്ഞാറമൂട്, അഹാനാകൃഷ്ണന്‍, ആനി തുടങ്ങിയ താരങ്ങളും വോട്ട് രേഖപ്പെടുത്തി. ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സര്‍ക്കാരാണ് നമുക്ക് ആവശ്യമെന്ന് ആസിഫ് അലിയുടെ പ്രതികരണം. കൈയെത്തും ദൂരത്ത് ഉള്ള ഒരു ഭരണ സംവിധാനം തന്നെ വേണം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇപ്പോള്‍ ആളുകള്‍ സംവദിക്കുന്നത്. അതിനുള്ള അവസരം ഇപ്പോഴുണ്ട്. വോട്ട് ചെയ്യാതെ അഭിപ്രായ പ്രകടനം നടത്തുന്നതില്‍ കാര്യമില്ലെന്നും കടമ നിര്‍വഹിക്കണമെന്നും ആവശ്യപ്പെട്ടു.
താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതറിഞ്ഞ പി.ജെ ജോസഫ് വിളിച്ചു. മത്സരിക്കുന്നുണ്ടൊയെന്ന് ചോദിച്ചു. നിലവില്‍ സിനിമയില്‍ തുടരുവാനാണ് തീരുമാനമെന്നും ആസിഫ് അലി വ്യക്തമാക്കി. കുടുംബത്തോടൊപ്പം ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളില്‍ 113 ബൂത്തിലെത്തി നടന്‍ ടോവിനോയുടെ വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്യുന്നത് നമ്മുടെ അവകാശവും കടമയുമാണെന്ന് ടോവിനോ തോമസ് പറഞ്ഞു.
കഴിവും പ്രാപ്തിയും ഉള്ളവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാര്‍ഹമാണെന്നായിരുന്നു സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ടൊവീനോ നടത്തിയ പ്രതികരണം. രാഷ്ട്രീയത്തില്‍ ശോഭിക്കുന്നത് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാകും. അതേസമയം രാഷ്ട്രീയത്തിലേക്ക് ഇപ്പോള്‍ ഇല്ലെന്ന് ടോവിനോ തോമസ്. ഇറങ്ങിയേപ്പറ്റു എന്ന തരത്തില്‍ മാറ്റങ്ങള്‍ വന്നാല്‍ ഇറങ്ങും. ഏതു മുന്നണി അധികാരത്തില്‍ വന്നാലും കേരളത്തിനുവേണ്ടി നല്ലത് ചെയ്യാന്‍ കഴിയണമെന്നും ടോവിനോ കൂട്ടിച്ചേര്‍ത്തു.






