
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പോളിങ്ങിന്റെ ആനുകൂല്യം ഏതു മുന്നണിക്കു ലഭിക്കുമെന്നതാണ് സംസ്‌ഥാനം ഉറ്റുനോക്കുന്നത്. നേട്ടം തങ്ങള്‍ക്കാണെന്ന് മൂന്നു മുന്നണികളും കണക്കുകൂട്ടുകയും അവകാശപ്പെടുകയും ചെയ്യും. എന്നാല്‍, 1982 മുതല്‍ 2021 വരെയുള്ള നാലു പതിറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ പോളിങ്ങിലും കുറവ് പോളിങ്ങിലും സംസ്‌ഥാനഭരണം പിടിച്ചത് ഇടതുമുന്നണി ആയിരുന്നു, 1987-ലും, 1996-ലും.
നാലുപതിറ്റാണ്ടിനിടെ 1987-ല്‍ ആണ് കൂടിയ പോളിങ് നടന്നത്; 80.54 ശതമാനം. ശക്‌തമായ ഇടതുതരംഗത്തില്‍ എല്‍.ഡി.എഫ്. അധികാരമേറി. ഇക്കാലയളവില്‍ ഏറ്റവും കുറഞ്ഞ പോളിങ് നടന്നത് 1996-ല്‍ ആയിരുന്നു. അന്ന് 71.16 ശതമാനം വോട്ടിങ് നടന്നപ്പോള്‍ എല്‍.ഡി.എഫിന് ഭരണം കിട്ടി.
പിന്നീട് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് 2016 ലായിരുന്നു;77.35 ശതമാനം. അപ്പോഴും ഇടതുമുന്നണിക്കായിരുന്നു നേട്ടം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരേ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോഴാണ് ഇടതു മുന്നണിക്ക് അധികാരം ലഭിച്ചത്. 2011-ല്‍ 75.12 ശതമാനം വോട്ടിങ് നടന്നപ്പോള്‍ ഐക്യമുന്നണിക്ക് അധികാരം ലഭിച്ചു. 1982 ല്‍ 73.5 ശതമാനം പോളിങ് നടന്നപ്പോള്‍ വിജയിച്ചതും ഐക്യമുന്നണിയായിരുന്നു. 73.42 ശതമാനം പോളിങ് നടന്ന 1991-ല്‍ യു.ഡി.എഫ്. ആയിരുന്നു അധികാരംപിടിച്ചത്.
1982 മുതലാണ് മുന്നണി സംവിധാനത്തില്‍ ഇരുപക്ഷവും ഏറ്റുമുട്ടാന്‍ തുടങ്ങിയത്. നാലു പതിറ്റാണ്ടില്‍ എല്‍.ഡി.എഫ്. അഞ്ചുതവണയും യു.ഡി.എഫ്. നാലുതവണയും ഭരണം പിടിച്ചു. 2021-ലെ തുടര്‍ഭരണമാണ് എല്‍.ഡി.എഫിന്റെ ഭരണകാലം അഞ്ചാക്കിയത്.
ഒന്നാം നിയമസഭയിലേക്ക് 1957-ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഏറ്റവും കുറഞ്ഞ പോളിങ് നടന്നത്, 65.39 ശതമാനം. 1960-ല്‍ രണ്ടാം നിയമസഭയിലേക്കു നടന്ന വോട്ടെടുപ്പില്‍ 85.72 ശതമാനം വോട്ടിട്ടതാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്.
ബൈജു ഭാസി






