
എണ്‍പതുകളില്‍ മലയാളസിനിമയുടെ തലപ്പത്ത് തിളങ്ങി നിന്നിരുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. പിന്നീടിങ്ങോട്ടുള്ള സിനിമാജീവിതത്തില്‍ മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും തമിഴിലും ജനപ്രീതി നേടാന്‍ പ്രിയദര്‍ശന് കഴിഞ്ഞു. കുടുംബപ്രേക്ഷകര്‍ക്കിഷ്ടമുള്ള കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിക്കുന്ന ചിത്രങ്ങളാണ് പ്രിയന്‍ മാജിക്കിലൂടെ വെള്ളിത്തിര കണ്ടത്. മലയാളത്തില്‍ പ്രിയന്‍-മോഹന്‍ലാല്‍ കോമ്പോയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കില്‍ ബോളിവുഡില്‍ ആ കോമ്പോ പ്രിയന്‍ നല്‍കിയത് അക്ഷയ് കുമാറിനൊപ്പമാണ്.
ഇപ്പോഴിതാ അക്ഷയ് കുമാറിനെക്കുറിച്ചും ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാനെക്കുറിച്ചും പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ബോളിവുഡിലെ തർക്കമില്ലാത്ത ബാദ്ഷയായി ഷാരൂഖ് ഖാന് സമാനതകളില്ലാത്ത താരപദവിയുണ്ട്, ഈ താരപദവി തന്നെയാണ് ഷാരൂഖിനെ ചിലതരം വേഷങ്ങൾ ചെയ്യുന്നതിൽ നിന്ന് തടയുന്നതെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. എന്നാല്‍, അക്ഷയ് കുമാറിന് ഒരു സാധാരണക്കാരന്റെ വേഷം വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുമെന്നും പ്രിയന്‍ പറയുന്നു.
‘‘അക്ഷയ് കുമാറിന്റെ പ്ലസ് പോയിന്റ് എന്ന് പറയുന്നത് അദ്ദേഹത്തിന് ഒരു സാധാരണക്കാരനായി തോന്നിക്കാൻ സാധിക്കും എന്നതാണ്. അദ്ദേഹത്തിന്റെ ശരീരഭാഷയും നടപ്പുമെല്ലാം അങ്ങനെയാണ്. ‘ഖട്ട മീഠ’ ചെയ്തപ്പോൾ കഷ്ടപ്പെടുന്ന ഒരു റോഡ് കോൺട്രാക്ടറായി അക്ഷയ് പൂർണ്ണമായും മാറി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മറ്റ് പല നടന്മാർക്കും കുറച്ചുകൂടി സ്റ്റൈലിഷ് ആയ പെരുമാറ്റരീതിയാണ് ഉള്ളത്. എന്നാൽ അക്ഷയ് കുമാറിന് ഒരു സാധാരണക്കാരന്റെ ശരീരഭാഷയുണ്ട്. ഒരു സാധാരണ മനുഷ്യനായി ജീവിച്ചിട്ടുള്ളതുകൊണ്ട് അതിന്റെ സൂക്ഷ്മതകൾ അക്ഷയ്ക്ക് അറിയാം.
ഷാരൂഖ് ഖാന് ഗ്രാമീണ വേഷങ്ങൾ ഇണങ്ങില്ലെന്ന് ഞാന്‍ പറയാനുള്ള കാരണം ‘ബില്ലു ബാർബർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്ന ഒരു സംഭവം കൂടിയാണ്. ഞാൻ ഷാരൂഖിനെ തെക്കേ ഇന്ത്യയിലെ ഉൾനാടൻ ഗ്രാമത്തിലേക്കാണ് കൊണ്ടുപോയത്. ഇത്രയും ഉൾനാടായ സ്ഥലം എങ്ങനെ കണ്ടുപിടിച്ചു എന്ന് അദ്ദേഹം എന്നോട് ചോദിച്ചു.
‘എനിക്ക് ഗ്രാമങ്ങളുമായി പൊരുത്തപ്പെടാൻ കഴിയില്ല, ഞാന്‍ വളർന്നത് ഡൽഹിയിലാണ്...’ എന്നാണ് അന്ന് ഷാരൂഖ് പറഞ്ഞത്. ഷാരൂഖിന്റെ ശരീരഭാഷ വളരെ പോളിഷ്ഡും അർബൻ സ്റ്റൈലിൽ ഉള്ളതുമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഒരു ഗ്രാമീണനായി അഭിനയിക്കാൻ കഴിയില്ല.
സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് എന്റെ മിക്ക സിനിമകളും. സത്യത്തിൽ ‘ഹേരാ ഫേരി’ എന്നത് ദാരിദ്ര്യത്തിന്റെ കോമഡിയാണ്. എല്ലാവരും നിരാശരും പണമില്ലാതെ കഷ്ടപ്പെടുന്നവരുമാണ്...’’ പ്രിയദര്‍ശന്‍ പറഞ്ഞു. ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്.
അക്ഷയ് കുമാർ നായകനാകുന്ന ‘ഭൂത് ബംഗ്ല’ എന്ന ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് പ്രിയദർശൻ. പരേഷ് റാവൽ, രാജ്പാൽ യാദവ്, തബു, വാമിഖ ഗബ്ബി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഏപ്രിൽ 16-ന് തിയേറ്ററുകളിൽ എത്തും.






