
ദോഹ: മേഖലയിൽ തുടരുന്ന യുദ്ധസാഹചര്യവും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്ത് മെയ് 8-ന് ദോഹയിൽ നടക്കേണ്ടിയിരുന്ന 2026-ലെ ആദ്യ 'ഡയമണ്ട് ലീഗ്' (ദോഹ ഡയമണ്ട് ലീഗ് ) അത്‌ലറ്റിക്സ് മീറ്റ് മാറ്റിവെച്ചു. പുതുക്കിയ നിശ്ചയപ്രകാരം ജൂൺ 19-നായിരിക്കും മത്സരം നടക്കുകയെന്ന് വേൾഡ് അത്‌ലറ്റിക്സ് പ്രസ്താവനയിൽ അറിയിച്ചു.അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കായികതാരങ്ങളുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനം. ഖത്തർ പ്രതിരോധ മന്ത്രാലയത്തിന്റെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും ഏകോപനത്തോടെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് വേൾഡ് അത്‌ലറ്റിക്സ് ദോഹ ഡയമണ്ട് ലീഗ്
മാറ്റിവെക്കൽ പ്രഖ്യാപിച്ചത്.
മത്സരം മാറ്റിവെച്ചതിനൊപ്പം വേദിയും പരിഷ്കരിച്ചു. നേരത്തെ ഖത്തർ സ്പോർട്സ് ക്ലബ്ബിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നതെങ്കിൽ ജൂണിലെ ചൂട് പരിഗണിച്ച് അത്യാധുനിക എയർ കണ്ടീഷനിംഗ് സംവിധാനമുള്ള ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലേക്കാണ് മത്സരം മാറ്റിവച്ചത്.
2019-ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനും 2022-ലെ ഫിഫ ലോകകപ്പിനും വേദിയായ സ്റ്റേഡിയമാണിത്.ഇന്ത്യൻ ആരാധകരുടെ പ്രിയതാരവും ജാവലിൻ ത്രോ ചാമ്പ്യനുമായ നീരജ് ചോപ്ര ഇത്തവണയും ദോഹയിൽ മാറ്റുരയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതിനുപുറമെ ബോട്സ്വാനയുടെ ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവ് ലെറ്റ്‌സൈൽ തെബോഗോ, ജമൈക്കയുടെ ടിയ ക്ലേട്ടൺ തുടങ്ങിയ പ്രമുഖ താരങ്ങളും പങ്കെടുക്കും മെയ് 16-ന് ഷാങ്ഹായിൽ നടക്കുന്ന മീറ്റോടെയായിരിക്കും ഈ വർഷത്തെ ഡയമണ്ട് ലീഗ് സീസണിന് തുടക്കമാകുക. ജൂൺ 10-ലെ ഓസ്‌ലോ മീറ്റിനും ജൂൺ 28-ലെ പാരിസ് മീറ്റിനും ഇടയിലുള്ള എട്ടാം പാദമായി ദോഹ ഡയമണ്ട് ലീഗ് മാറും. സെപ്റ്റംബർ 5-ന് ബ്രസൽസിലാണ് സീസൺ ഫൈനൽ.
മേഖലയിലെ സമാധാന സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷിതമായ അന്തരീക്ഷത്തിൽ മികച്ച മത്സരം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകർ വ്യക്തമാക്കി.
ഷഫീക്ക് അറയ്ക്കൽ






