
ദോഹ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയുടെ ഇന്ധന സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ഖത്തറിലെത്തി. അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സന്ദർശനമെന്നത് ഏറെ ശ്രദ്ധേയമാണ്.ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങളും പ്ലാന്റുകളിലെ അറ്റകുറ്റപ്പണികളും കാരണം മാർച്ചിൽ ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി കുറഞ്ഞിരുന്നു. ഇത് പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം.ഇന്ത്യയുടെ പകുതിയിലധികം എൽ.എൻ.ജി (LNG) ആവശ്യങ്ങളും നിറവേറ്റുന്നത് ഖത്തറാണ്. കൂടാതെ എൽ.പി.ജി (LPG) ഇറക്കുമതിയുടെ 20 ശതമാനവും ഖത്തറിൽ നിന്നാണ്.ഖത്തർ എനർജിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. തടസ്സമില്ലാതെ ഇന്ധനം ലഭ്യമാക്കാനുള്ള പുതിയ കരാറുകളും ചർച്ചയായേക്കും.പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയുടെ ആഭ്യന്തര ഇന്ധന വിപണിയെ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടിയായാണ് കേന്ദ്രമന്ത്രിയുടെ ഈ ഖത്തർ യാത്രയെ വിലയിരുത്തുന്നത്. ഇന്ത്യൻ അംബാസഡർ വിപുലും ഖത്തർ ഉദ്യോഗസ്ഥരും ചേർന്നാണ് മന്ത്രിയെ സ്വീകരിച്ചത്. വരും ദിവസങ്ങളിൽ ഊർജ ഉൽപാദനം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ ഈ സന്ദർശനത്തിലൂടെ ഉണ്ടായേക്കും.
ഷഫീക്ക് അറയ്ക്കൽ






