
ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന നാഡീസംബന്ധമായ രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. തലച്ചോറിലെ ഡോപാമൈന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങള്‍ നശിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇതിന്റെ ഏറ്റവും വലിയ സങ്കീര്‍ണത, ഈ രോഗം വെറുമൊരു 'വിറയല്‍' മാത്രമല്ല എന്നതാണ്. ഇത് രോഗിയുടെ ശരീരത്തിന്റെ സ്വാഭാവികമായ ചലനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
ചലന വൈകല്യങ്ങള്‍: ശ്രദ്ധിക്കപ്പെടുന്നതും അല്ലാത്തതും
പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങളെ നാം സാധാരണയായി 'മോട്ടോര്‍ ലക്ഷണങ്ങള്‍' എന്ന് വിളിക്കുന്നു. രോഗം നിര്‍ണയിക്കുമ്പോള്‍ പ്രധാനമായും കാണപ്പെടുന്ന ലക്ഷണമാണ് വിറയല്‍. ഇത് വിശ്രമവേളകളിലാണ് കൂടുതലായി പ്രകടമാവുക. എന്നാല്‍, ഇതിനേക്കാള്‍ ഉപരിയായി രോഗിയുടെ ജീവിതത്തെ പ്രയാസത്തിലാക്കുന്ന മറ്റ് ചില ലക്ഷണങ്ങളുണ്ട്.
ബ്രാഡികൈനേഷ്യ അഥവാ ചലനവേഗം കുറയുന്നതാണ് ഇതില്‍ പ്രധാനം. നടക്കുമ്പോഴോ ഇരിക്കുമ്പോഴോ ഉള്ള വേഗം കുറയുന്നത് രോഗിയില്‍ വലിയ നിരാശയുണ്ടാക്കാം. അതുപോലെ തന്നെ പേശികള്‍ കാഠിന്യമേറിയതാകുന്നത് കൈകാലുകള്‍ ചലിപ്പിക്കുന്നത് വേദനയുള്ളതാക്കി മാറ്റുന്നു. അധികം പുറമെ നിന്ന് കാണാന്‍ കഴിയാത്ത മറ്റൊരു ലക്ഷമാണ് 'ഫ്രീസിങ്'. കൂടാതെ നടന്നു തുടങ്ങുമ്പോഴോ തിരിയുമ്പോഴോ കാലുകള്‍ തറയില്‍ ഒട്ടിപ്പിടിച്ചത് പോലെ തോന്നുന്ന ഈ അവസ്‌ഥ രോഗി വീഴാന്‍ ഇടവരുത്തിയേക്കാം.
ലക്ഷണങ്ങളെ എങ്ങനെ തിരിച്ചറിയാം?
രോഗം പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നത് കൃത്യമായ ചികിത്സ നല്‍കാന്‍ സഹായിക്കും. കൈയിലുണ്ടാകുന്ന ചെറിയ വിറയല്‍ മാത്രമല്ല ഇതിന്റെ സൂചന. ഒരാളുടെ കൈയക്ഷരത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം ഉദാഹരണത്തിന് അക്ഷരങ്ങള്‍ വളരെ ചെറുതായി വരിക, മുഖഭാവങ്ങളില്‍ മാറ്റമില്ലാതെ വരുന്നത്, നടക്കുമ്പോള്‍ കൈകള്‍ വീശാതിരിക്കുക, ശരീരത്തിന്റെ ബാലന്‍സ് തെറ്റുക എന്നിവയെല്ലാം ഗൗരവമായി തന്നെ കാണണം. പലപ്പോഴും രോഗികള്‍ ഇവ വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളായി കരുതി അവഗണിക്കാറാണ് പതിവ്. ലണ്ടനിലെ ക്വീന്‍ സ്‌ക്വയര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജി നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, മോട്ടോര്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുന്നതും മലബന്ധവും പാര്‍ക്കിന്‍സണ്‍സിന്റെ മുന്‍ഗാമികളായി വരാമെന്നാണ്.
രോഗം സങ്കീര്‍ണ്ണമാകുന്നത്
എങ്ങനെ തടയാം?
പാര്‍ക്കിന്‍സണ്‍സ് ഒരു പുരോഗമന സ്വഭാവമുള്ള രോഗമാണെങ്കിലും, ചില മുന്‍കരുതലുകള്‍ വഴി രോഗം മൂര്‍ച്‌ഛിക്കാതെ നിയന്ത്രിക്കാന്‍ സാധിക്കും. കൃത്യമായ വ്യായാമമാണ് ഇതില്‍ ഏറ്റവും പ്രധാനം. ന്യൂറോസയന്‍സിലെ സമഗ്രമായ പഠനങ്ങള്‍ വ്യക്‌തമാക്കുന്നത്, തീവ്രത കുറഞ്ഞ എയറോബിക് വ്യായാമങ്ങള്‍ തലച്ചോറിലെ ന്യൂറോപ്ലാസ്‌റ്റിസിറ്റി വര്‍ധിപ്പിക്കുകയും ഡോപാമൈന്‍ നാശത്തെ പ്രതിരോധിക്കുകയും ചെയ്യുമെന്നാണ്.
രോഗം വിട്ടുമാറാത്ത അവസ്‌ഥയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കുന്നത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സഹായിക്കും. അതോടൊപ്പം തന്നെ ആഹാരത്തില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയ പഴവര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്. കൂടാതെ നടത്തത്തിലെ ബാലന്‍സ് മെച്ചപ്പെടുത്താനും വീഴ്‌ചകള്‍ ഒഴിവാക്കാനും ഫിസിയോതെറാപ്പിയിലൂടെ സാധിക്കും.
അതിജീവനത്തിന്റെ വഴികള്‍
പാര്‍ക്കിന്‍സണ്‍സ് രോഗികളെ സംബന്ധിച്ചിടത്തോളം കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണ്. രോഗിക്ക് അവരുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യമായ സമയം നല്‍കുക. അവര്‍ തളര്‍ന്നു പോകുമ്പോള്‍ ചേര്‍ത്തുപിടിക്കുക. ഇന്ന് ആധുനിക വൈദ്യശാസ്‌ത്രം നല്‍കുന്ന മരുന്നുകളും, ചില പ്രത്യേക സാഹചര്യങ്ങളില്‍ നല്‍കുന്ന ഡീപ് ബ്രെയിന്‍ സ്‌റ്റിമുലേഷന്‍ പോലുള്ള ശസ്‌ത്രക്രിയകളും രോഗികള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ വഴിയൊരുക്കുന്നുണ്ട്. ഭയപ്പെടുകയല്ല, മറിച്ച് രോഗത്തെ കൃത്യമായി മനസ്സിലാക്കി ശാസ്‌ത്രീയമായ ചികിത്സ തേടുകയാണ് വേണ്ടത്. ശരിയായ വ്യായാമവും കൃത്യമായ ചികിത്സയും ഉണ്ടെങ്കില്‍ പാര്‍ക്കിന്‍സണ്‍സിനെ ഒരു പരിധിവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ നമുക്ക് സാധിക്കും.
ഡോ. ജെ. ചന്ദ്രശേഖര്‍
(കോട്ടയ്‌ക്കല്‍ ആസ്‌റ്റര്‍ മിംസ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍.)






