
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി ഷംന കാസിം. അടുത്തിടെയായിരുന്നു താരത്തിന് ഒരു മകള്‍ കൂടി പിറന്നത്. ദുആ ജമീല എന്നാണ് ഷംനയും ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയും മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. ഇപ്പോഴിതാ കുഞ്ഞിന്റെ നൂലുകെട്ട് വിശേഷങ്ങളും പേരിന് പിന്നിലെ വൈകാരികമായ കഥയും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.
തന്റെ ഉമ്മൂമ്മയോടുളള സ്‌നേഹസൂചകമായാണ് മകള്‍ക്ക് ജമീല എന്ന പേര് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഷംന വെളിപ്പെടുത്തി. കുഞ്ഞിന്റെ 28 ാം ദിവസമായ നൂലുകെട്ട് ചടങ്ങിലാണ് താരം ഈ ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘ഞങ്ങളുടെ കുഞ്ഞുമാലാഖയെ പരിചയപ്പെടുത്തുന്നു. ‘ദുആ ജമീല’. എന്തുകൊണ്ടാണ് ജമീല എന്ന പേര് ഒരുപാട് പേര്‍ ചോദിച്ചു. അത് എന്റെ ഉമ്മൂമ്മയുടെ പേരായിരുന്നു. എനിക്ക് വളരെ നേരത്തെ നഷ്ടപ്പെട്ട എന്റെ ഹൃദയത്തിന്റെ ഒരു കഷ്ണം.
അവരുടെ സ്‌നേഹവും ഊഷ്മളതയും ഓര്‍മ്മകളും ഓരോ ദിവസവും എന്നോടൊപ്പമുണ്ട്. എനിക്കൊരു പെണ്‍കുഞ്ഞ് ജനിക്കുകയാണെങ്കില്‍ അതേ മനോഹരമായ പേര് തന്നെ അവള്‍ക്ക് നല്‍കുമെന്ന് ഞാന്‍ എപ്പോഴും എന്നോട് പറയുമായിരുന്നു. അങ്ങനെ അവരുടെ ഒരു ഭാഗം അവളിലുടെ വീണ്ടും ജീവിക്കട്ടെ.
ഇന്ന് ആ വാഗ്ദാനം യാഥാര്‍ഥ്യമായിരിക്കുന്നു. മകളെ കൈളില്‍ പിടിക്കുമ്പോള്‍ എന്റെ ഉമ്മൂമ്മയുടെ ഒരു ഭാഗം ഏറ്റവും മനോഹരമായ രീതിയില്‍ എന്നിലേക്ക് തിരിച്ചുവന്നതുപോലെ തോന്നുന്നു. സ്‌നേഹവും അനുഗ്രഹങ്ങളും കുടുംബാംഗങ്ങളും നിറഞ്ഞ ഈ നിമിഷത്തില്‍ അവളുടെ 28 ാം ദിവസം നൂലുകെട്ട് ചടങ്ങിലൂടെ ഞങ്ങള്‍ ആഘോഷിക്കുന്നു.
അങ്ങനെ ഹംദാന്‍ ഇപ്പോള്‍ ഒരു അഭിമാനിയായ വലിയ ചേട്ടനായി മാറിയിരിക്കുന്നു. ഞങ്ങള്‍ ഒരിക്കലും വിചാരിക്കാത്ത വിധം ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. ഈ ലോകത്തേക്ക് സ്വാഗതം, എന്റെ പ്രിയപ്പെട്ട ദുആ ജമീല... വാക്കുകള്‍ക്കും കാലത്തിനും എല്ലാത്തിനും അപ്പുറം നീ സ്‌നേഹിക്കപ്പെടുന്നു’ ഷംനയുടെ വാക്കുകള്‍.
നൂലുകെട്ട് ആഘോഷത്തിന്റെ ചിത്രങ്ങളും കുറിപ്പിനൊപ്പം ഷംന പങ്കുവെച്ചിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ നൂലുകെട്ട് ചടങ്ങായിരുന്നു നടന്നത്. മൂത്ത മകന്‍ ഹംദാന്‍ ഇപ്പോള്‍ ഒരു 'ബിഗ് ബ്രദര്‍' ആയതിന്റെ സന്തോഷത്തിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് പോസ്റ്റിനു താഴെ കുഞ്ഞു ദുആ ജമീലയ്ക്ക് ആശംസകളുമായെത്തുന്നത്.
ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫഃണ്ടറും സിഇഒയുമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലി. 2022 ല്‍ ദുബായിലായിരുന്നു ഇവരുടെ വിവാഹം. 2023 ഏപ്രിലിലാണ് ഇവര്‍ക്ക് മകന്‍ ഹംദാന്‍ ജനിച്ചത്.






