
കാലാതീതമായ ഗാനങ്ങളിലൂടെ തലമുറകളെ പാട്ടുപാടിച്ച ഇതിഹാസ ഗായിക ആശ ഭോസ്ലെയുടെ വേര്‍പാട് തെല്ലൊന്നുമല്ല ആരാധകരെ നൊമ്പരപ്പെടുത്തിയത്. സഹപ്രവര്‍ത്തകര്‍ മാത്രമല്ല സെലിബ്രിറ്റികളടക്കം പലരും ആശാ ജിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ട്. ഇതിഹാസ ഗായികയ്ക്കൊപ്പം പങ്കിട്ട നിമിഷങ്ങളും ഓര്‍മ്മകളും പങ്കുവച്ചാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
ഇപ്പോഴിതാ പ്രിയങ്ക ചോപ്ര ജൊനാസും സുദീര്‍ഘമായ ഒരു കുറിപ്പിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ഇതിഹാസ ഗായികയ്ക്ക് ആദരാഞ്ജലികള്‍ കുറിക്കുകയാണ്. വൈകാരികമായ ഈ കുറിപ്പില്‍ സംഗീതം ഇതുവരെ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്നായി മാറ്റിയ ആശ ഭോസ്ലെയ്ക്ക് നന്ദിയും കുറിച്ചിട്ടുണ്ട് പ്രിയങ്ക.
‘‘നമ്മുടെ ബാല്യത്തിന്റെയും ഓർമ്മകളുടെയും വീടിന്റെയും ഒരു ഭാഗം നഷ്ടപ്പെടുന്നത് പോലെ തോന്നുന്ന ചില നഷ്ടങ്ങളുണ്ട്. ആശാ ജി നമ്മളിൽ പലർക്കും അങ്ങനെയായിരുന്നു. അവരുടെ ശബ്ദം ഇന്ത്യൻ സംഗീതത്തിന്റെ മാത്രം ഭാഗമല്ല, ഞങ്ങളുടെ ജീവിത പശ്ചാത്തലത്തിന്റെ ഭാഗമായിരുന്നു.
വളർന്നുവരുന്ന ഞങ്ങളുടെ വീടുകളിലൂടെ, കുടുംബ ആഘോഷങ്ങളിലൂടെ, ഹൃദയഭേദകങ്ങളിലൂടെ, സന്തോഷത്തിലൂടെ, നിശബ്ദവും ഉച്ചത്തിലുള്ളതുമായ നിമിഷങ്ങളിലൂടെ, ഞങ്ങൾ അത് തിരിച്ചറിയുന്നതിനുമുമ്പ് ഓർമ്മകളായി മാറ്റിയ ശബ്ദം.
എന്റെ തലമുറയ്ക്കും അതിനുമുമ്പും ശേഷവുമുള്ള പലർക്കും, അവര്‍ കേവലം ഞങ്ങൾ അഭിനന്ദിച്ച ഒരു ഇതിഹാസമായിരുന്നില്ല, സ്ഥിരതയുള്ളവളായിരുന്നു. വളരെ ശാശ്വതമായ ഒരു ശബ്ദം അത് എപ്പോഴും ഉണ്ടായിരിക്കുമെന്ന് തോന്നി.
ഒരു ജനതയുടെ മുഴുവൻ വൈകാരിക ഭൂപ്രകൃതി രൂപപ്പെടുത്താൻ സഹായിച്ച കലയുടെ ആരെയെങ്കിലും നഷ്ടപ്പെടുക എന്നതിന്റെ അർത്ഥം വാക്കുകളിൽ വിവരിക്കുക പ്രയാസമാണ്.
നന്ദി, ആശാ ജി, ഞങ്ങൾക്ക് ജീവിതകാലം മുഴുവൻ പാട്ടുകളും അനുഭൂതിയും സൗന്ദര്യവും നൽകിയതിന്.
സംഗീതം ഇതുവരെ അറിയാത്ത ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്നാക്കി മാറ്റിയതിന്...
സമാധാനമായി വിശ്രമിക്കുക...എല്ലാ യഥാർത്ഥ ഇതിഹാസങ്ങളും ചെയ്യുന്നിടത്ത് നിങ്ങളുടെ ശബ്ദം മുഴങ്ങി കേള്‍ക്കും... താങ്കള്‍ ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നേക്കുമുണ്ടാകും...’’ എന്നാണ് ആശാ ഭോസ്ലെയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് പ്രിയങ്ക ചോപ്ര കുറിച്ചത്.
ഏത് ഭാഷയും അതിന്റെ തനതായ ശൈലിയില്‍ ഉച്ചാരണശുദ്ധിയോടെ പ്രയോഗിക്കാനുള്ള കഴിവാണ് ആശാ ഭോസ്ലയെ കാലങ്ങള്‍ക്കിപ്പുറവും ഏവരുടെയും പ്രിയപ്പെട്ട ഗായികയാക്കി നിര്‍ത്തുന്നത്. ഹിന്ദിക്ക് പുറമെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷയിലും ഗാനങ്ങള്‍ ആലപിച്ച ആശാജി മലയാളത്തിന് സമ്മാനിച്ചതും അത്തരത്തില്‍ കാലാതിവര്‍ത്തിയായ മനോഹര ഗാനമാണ്. സഹോദരി ലതാ മങ്കേഷ്‌കറിനെപ്പോലെ ഒരൊറ്റ ഗാനം മാത്രമാണ് ആശയും മലയാളത്തില്‍ ആലപിച്ചിട്ടുള്ളത്.
ആശയുടെ ശബ്ദം എല്ലാവരിലും നിന്ന് വേറിട്ട് നിന്നു. പോപ്പും ഗസലും ഭജനും ഖവാലിയും രബീന്ദ്ര സംഗീതും നാടോടി ഗാനങ്ങളും അനായാസമായി ആലപിച്ചു. സംഗീതത്തെ സ്നേഹിക്കാന്‍ പഠിപ്പിച്ച ആശ ജിയുടെ ശബ്ദം മണ്‍മറഞ്ഞാലും സംഗീതപ്രേമികളുടെ മനസ്സില്‍ ജീവിക്കും. പ്രായം കൂടുന്തോറും മിഴിവേകിയ ആ ശബ്ദം നിലച്ചതിന്റെ നൊമ്പരമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സംഗീതത്തിന്റെ ചടുലതയും ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ ആഴവും ഒരുപോലെ വഴങ്ങുന്ന സ്വരം ബോളിവുഡിന്റെ ഹൃദയമിടിപ്പായി മാറിയത് അതിവേഗമാണ്.






