
മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രമാണ് ‘പേട്രിയറ്റ്’. മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ഈ സിനിമ അനൗണ്‍സ് ചെയ്ത നിമിഷം മുതല്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഇതിന്റെ ഓരോ അപ്ഡേഷനുകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സിനിമയുടെ പോസ്റ്ററടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ മോഹൻലാലിന്റെ അഭിനയ സവിശേഷതകളെ കുറിച്ചുമാണ് മമ്മൂട്ടി പറയുന്നത്. ആ നിമിഷത്തിന്റെ നടനാണ് മോഹന്‍ലാലെന്നും വളരെ സ്വഭാവികമായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്നും മമ്മൂട്ടി പറയുന്നു.
‘‘ലാല്‍ ആ നിമിഷത്തിന്റെ നടനാണ്, ‘ആക്ടര്‍ ഓഫ് ദ മൊമെന്റ്’. വളരെ സ്വാഭാവികമായി അഭിനയിക്കുന്ന വ്യക്തി. അഭിനയത്തിന് പ്രത്യേക ശാസ്ത്രമൊന്നുമില്ല. ഓരോ അഭിനേതാവിനും ഓരോ രീതികളുണ്ട്. എന്റെ രീതി എന്താണെന്ന് എന്റെ സിനിമകള്‍ കണ്ടാല്‍ മനസ്സിലാകും. ക്യാമറയ്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന കടുത്ത സമ്മര്‍ദ്ദം പുറത്തുകാണിക്കാതെ ഇരിക്കുക എന്നതാണ് ഓരോ ഷോട്ടിലും ഞങ്ങള്‍ കാണിക്കുന്ന ഏറ്റവും വലിയ അഭിനയം...
മോഹൻലാൽ എന്റെ സിനിമകളിൽ അഭിനയിക്കാറുണ്ട്. ഞാൻ അദ്ദേഹത്തിന്റെ സിനിമകളിലും അഭിനയിക്കും. ഞങ്ങൾക്കിടയിൽ അത്തരത്തിലൊരു ഈഗോയുമില്ല. ഒരുപാട് കഥാപാത്രങ്ങളിലൂടെയാണ് സിനിമ കടന്നുപോകു മമ്മൂട്ടി പറഞ്ഞു. ‘ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയിത് പറഞ്ഞത്.
2026 മെയ് ഒന്നിനാണ് ആഗോള റിലീസായി ‘പേട്രിയറ്റ്’ തീയേറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും പേട്രിയറ്റിനാണ്.
ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്.
മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക മേന്മയോടെ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രം രചിച്ചത് സംവിധായകൻ മഹേഷ് നാരായണനാണ്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്.






