
വിടപറഞ്ഞ ഇതിഹാസ പിന്നണി ഗായിക ആശ ഭോസ്ലെയെ അനുസ്മരിച്ച് ഗായകന് ജി. വേണുഗോപാല്‍. ആശ ഭോസ്ലെയ്ക്ക് ഒപ്പമുളള ഒരു പഴയക്കാല ചിത്രവും ജി. വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
'' ആശ ഭോണ്‍സ്ലേ ഗാന വീചികളായ് അനന്തതയില്‍ വിലയം പ്രാപിച്ചിരിക്കുന്നു. സ്വന്തം ജീവിതത്തിലെന്ന പോലെ ഗാനങ്ങളിലും യാഥാസ്ഥിതികത്വത്തില്‍ നിന്ന് ബഹുദൂരം മാറി സഞ്ചരിച്ച വ്യത്യസ്ത ശബ്ദവും ഗായികയും! അതിനേര്‍ത്ത, ഉച്ചസ്ഥായിയിലുളള വീഞ്ഞു ചഷകങ്ങളെ ഛിന്നഭിന്നമാക്കുന്ന തരംഗവീചികളുള്ള ' കന്യാ ശബ്ദ ' ങ്ങള്‍ക്കിടയില്‍, (wine glass shattering voices of the 60's virgin lover) കട്ടിയുള്ള ശബ്ദവും ഭാവസാന്ദ്രത തിങ്ങിനിറഞ്ഞ ആലാപനശൈലിയുമായി വന്ന ആശ, ഏതാണ്ട് രണ്ട് ദശകങ്ങളോളം ക്ലബ് ഡാന്‍സ് ഗായികയായി ബി, സി, സിനിമകളില്‍ പാടേണ്ടി വന്നു. വേര്‍പിരിഞ്ഞ വിവാഹവും, തകര്‍ന്ന പ്രണയബന്ധങ്ങളുമൊന്നും അവരുടെ ശബ്ദത്തിനോ ഗാനലോകത്തിനോ പോറലേല്‍പ്പിക്കാനായില്ല. ആര്. ഡി. ബര്മനിലേക്ക് എത്തിച്ചേര്‍ന്നതോടെ, ആശയുടെ ശബ്ദം ആയിരം ചിറകുവിരിച്ച് സംഗീത വിഹായസ്സില്‍ ഉയര്‍ന്ന് പറക്കാന്‍ തുടങ്ങി. ഏതാണ്ട് പന്ത്രണ്ടായിരത്തോളം ഗാനങ്ങളും ഭാരതത്തിലെ ഓരോ സംഗീതപ്രേമിയുടേയും കണ്ഠത്തില് ഒരു ഗദ്ഗദവും ബാക്കിയാക്കി, ഈ മഹാ ഗായിക ഏപ്രില്‍ 12, 2026, ഭൂമിയില്‍ നിന്നു അപ്സര കിന്നര ഗന്ധര്‍വ്വ ലോകത്തേക്ക് കൂടുകൂട്ടുന്നു''- എന്നാണ് ജി. വേണുഗോപാലിന്റെ വാക്കുകള്‍.
എട്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സംഗീതയാത്രയിലൂടെ മറക്കാനാകാത്ത ഒരുപാട് മനോഹര ഗാനങ്ങള്‍ സമ്മാനിച്ച ഗായികയാണ് ആരാധകരുടെ പ്രിയപ്പെട്ട ആശാജി. മുംബൈയിലെ ബ്രീച്ച്കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. ഹൃദയ- ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശ ഭോസ്ലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 11 മണി മുതല്‍ സ്വവസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് നാല് മണിയോടെ ശിവാജി പാര്‍ക്കിലായിരിക്കും സംസ്കാരം നടക്കുക.






