
ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗായന്‍ ഹരിഹരന്‍. ഇത് തന്റെ വ്യക്തിപരമായ വലിയ നഷ്ടമാണെന്നും ഒരു കുടുംബാംഗത്തെയാണ് തനിക്ക് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. ആശാ ഭോസ്‌ലെയുമായുളള ദീര്‍ഘകാലത്തെ ആത്മബന്ധത്തെക്കുറിച്ചും ഹരിഹരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.
‘ആശാ ഭോസ്‌ലെ ജി യെക്കുറിച്ചുളള വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വാക്കുകള്‍ നഷ്ടമായി. ഇതൊരു വ്യക്തിപരമായ വിലയ നഷ്ടമാണ്. എനിക്ക് അവര്‍ സ്വന്തം കുടുംബത്തെപ്പോലെയാണ്. 80 കളുടെ തുടക്കം മുതല്‍ അവരുടെ അനുഗ്രഹം ലഭിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. ആ നിമിഷങ്ങള്‍ ഞാന്‍ എപ്പോഴും നെഞ്ചിലേറ്റും. അവര്‍ എന്നും എനിക്കൊപ്പം നിന്നിട്ടുണ്ട്.
നമ്മളെല്ലാവർക്കും, ഓരോ ഇന്ത്യക്കാരനും അവർ വെറുമൊരു ഗായിക മാത്രമായിരുന്നില്ല, മറിച്ച് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. ബാല്യം മുതൽ , അവരുടെ ശബ്ദം നമുക്കൊപ്പമുണ്ട്, നമ്മളോടൊപ്പം വളർന്നു. എനിക്കറിയാവുന്ന മിക്കവാറും എല്ലാവരും അവരുടെ പാട്ടുകൾ കേട്ടാണ് വളർന്നത്... ആ ബന്ധം എന്നും നിലനിൽക്കുന്നതാണ്.
എങ്കിലും, എത്ര മനോഹരമായ ഒരു ജീവിതമാണ് അവർ നയിച്ചത്. സംഗീതവും ആവേശവും അചഞ്ചലമായ അർപ്പണബോധവും നിറഞ്ഞ 92 വർഷങ്ങൾ. അവസാനം വരെ പാടിക്കൊണ്ടിരുന്നു, കഴിഞ്ഞ വർഷം 91-ാം വയസ്സിലും അവർ വേദിയിൽ പാടി ഇത് തീർച്ചയായും ആഘോഷിക്കപ്പെടേണ്ട ഒന്നാണ്. അത്രത്തോളം പൂർണ്ണവും പ്രചോദനാത്മകവുമായ ഒരു ജീവിതം.
അവരുടെ ശബ്ദവും ഭാവങ്ങളും ആ അവിശ്വസനീയമായ റേഞ്ചും ഇന്ന് എന്റെ മനസ്സിൽ മിന്നിമറയുകയാണ്. ആശാ ജിയുടെ യാത്ര ഐതിഹാസികമാണ്. അവർ തലമുറകളെ സ്പർശിച്ചു, വരും തലമുറകൾക്കും അവർ എന്നും ഒരു പ്രചോദനമായിരിക്കും. അവരുടെ സംഗീതവും ഊഷ്മളതയും ഓർമ്മകളും ഞാൻ എന്നും എന്നോടൊപ്പം കൊണ്ടുനടക്കും.’ ഹരിഹരന്റെ വാക്കുകള്‍.
ഗായിക ആശാ ഭോസ്‌ലെയുടെ വിയോഗം വലിയ ഞെട്ടലാണ് ആരാധകരിലും സിനിമ ലോകത്തും സൃഷ്ടിച്ചത്. 92ാം വയസ്സിൽ മുംബൈയിലായിരുന്നു പ്രിയ ഗായികയുടെ അന്ത്യം. മുംബൈയിലെ ബ്രീച്ച്കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 11 മണി മുതല്‍ സ്വവസതയില്‍ അവരുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകീട്ട് നാല് മണിയോടെ ശിവാജി പാര്‍ക്കിലായിരിക്കും സംസ്‌കാരം.






