
അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജി. സുധാകരന് 7,000 നും 10,000 നും ഇടയില്‍ വോട്ടിന്റെ അട്ടിമറി വിജയം ഉണ്ടാകുമെന്ന് യുഡിഎഫ് വിലയിരുത്തല്‍. കോണ്‍ഗ്രസ് വോട്ടുകള്‍ക്ക് പുറമെ സിപിഐഎമ്മിലെയും സിപിഐയിലെയും ഒരു വിഭാഗത്തിന്റെ വോട്ടുകളും ബിജെപി, എസ്ഡിപിഐ വോട്ടുകളും സുധാകരന് അനുകൂലമായി ലഭിച്ചെന്നാണ് മണ്ഡലം കമ്മിറ്റിയുടെ കണക്കുകൂട്ടല്‍. ബൂത്ത് തലത്തില്‍ ക്രോഡീകരിച്ച ഈ വിവരങ്ങള്‍ കെപിസിസിക്ക് കൈമാറിക്കഴിഞ്ഞു.
അതേസമയം, അമ്പലപ്പുഴ മണ്ഡലത്തില്‍ കടുത്ത മത്സരം നടന്നതായും മണ്ഡലം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും സിപിഐഎം അവലോകന യോഗം വിലയിരുത്തി. ജി. സുധാകരന്‍ സ്ഥാനാര്‍ഥിയായതോടെ എല്‍ഡിഎഫിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ നഷ്ടപ്പെട്ടെന്നും ബിജെപി വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചെന്നും പാര്‍ട്ടി കരുതുന്നു. നേരത്തെ 6,318 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നിലവില്‍ മണ്ഡലം കൈവിടാനുള്ള സാധ്യതയും പാര്‍ട്ടി ചര്‍ച്ച ചെയ്തു.






