
വിജയ് ചിത്രം ജനനായകന്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്ന സംഭവത്തില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സിനിമ മേഖല ഒന്നടങ്കം എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ നടി മമിത ബൈജുവും സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ജനനായകന്റെ പ്രിന്റ് ചോര്‍ന്നതില്‍ താരം കടുത്ത നിരാശ പ്രകടിപ്പിച്ചു. പൈറസിയെ പിന്തുണയ്‌ക്കെരുതെന്നും മമിത ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് നടി ഇക്കാര്യം പങ്കുവെത്. പൈറസി തടയുക എന്നത് മാത്രമാണ് സിനിമയെയും അതിന് പിന്നിലുളള എല്ലാവരെയും സംരക്ഷിക്കാനുളള ഒരേയൊരു മാര്‍ഗമെന്നും മമിത കൂട്ടിച്ചേര്‍ത്തു. ജനനായകന്‍ എന്ന ഹാഷ് ടാഗും കുറിപ്പിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്.
‘പ്രിയപ്പെട്ട പ്രേക്ഷകരേ, നിരവധി ആളുകളുടെ കഠിനാധ്വാനം, അഭിനിവേശം, അർപ്പണബോധം എന്നിവയിലൂടെയാണ് ഒരു സിനിമ ജീവൻ വെയ്ക്കുന്നത്. ഓരോ ദിവസവും അവർ തങ്ങളാൽ കഴിയുന്നതെല്ലാം നൽകുന്നു. ഇത് നിയമവിരുദ്ധമായി പ്രചരിക്കുന്നത് കാണുന്നത് തീർത്തും നിരാശാജനകമാണ്.
ചില നിമിഷങ്ങൾ ഉദ്ദേശിച്ചതുപോലെ തന്നെ ബിഗ് സ്ക്രീനിൽ ഒരുമിച്ച് അനുഭവിക്കാൻ ഉള്ളതാണ്. ഔദ്യോഗികമായി റിലീസ് ചെയ്യുമ്പോൾ സിനിമ ശരിയായ രീതിയിൽ കാത്തിരുന്ന് ആസ്വദിക്കാം. ദയവായി പൈറസിയെ പിന്തുണയ്ക്കരുത്. സിനിമയെയും അതിന് പിന്നിലുള്ള എല്ലാവരെയും സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗം അതാണ്.’ -മമിത കുറിച്ചു.
#Jananayagan pic.twitter.com/xENCj4OXzo
— Mamitha Baiju (@_mamithabaiju) April 11, 2026
ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ക്ലിപ്പുകളാണ് ജന നായകന്റേതായി പുറത്തുവന്നത്. സംഘട്ടന രംഗത്തിൽ വിജയ്‌യുടെ ഇൻട്രോ, ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് തുടങ്ങിയവ പ്രചരിക്കുന്ന വിഡിയോ ക്ലിപ്പുകളിൽ കാണാം.
അതേസമയം മുഴുവൻ ചിത്രം തന്നെ ചോർന്നതായി പലരും എക്‌സിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിട്ടുണ്ട്.






