
ആലപ്പുഴ: ഗെയിം കളിക്കരുതെന്ന് പറഞ്ഞതിന് മലയാളി അദ്ധ്യാപികയുടെ മൂക്കിലിടിച്ച് പരിക്കേല്‍പ്പിച്ച് വിദ്യാര്‍ത്ഥി. മാലദ്വീപിലെ ഗധൂ ദ്വീപില്‍ ഗഫ് ധാല്‍ അടോള്‍ സ്കൂളിലെ അധ്യാപികയും ചെങ്ങന്നൂര്‍ സ്വദേശിയുമായ 35 കാരി അദ്ധ്യാപികയ്ക്കാണ് പരിക്കേറ്റത്. തിട്ടമേല്‍ കല്ലൂര്‍ ദീപക് ശശിയുടെ ഭാര്യ സ്മിത എന്‍.പിള്ളയ്ക്ക് (35) ആക്രമണത്തില്‍ മൂക്കിനു ഗുരുതരമായി പരുക്കേറ്റു.
മൂക്കിന്റെ എല്ലിനു പൊട്ടലുണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്ലാസ്സ് എടുക്കുമ്പോള്‍ ലബോറട്ടറിയിലെ കംപ്യൂട്ടറില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഗെയിം കളിക്കുന്നതു ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് സ്മിത പലതവണ താക്കീത് നല്‍കിയിട്ടും വിദ്യാര്‍ഥി കൂട്ടാക്കിയില്ല. വിഡിയോ പകര്‍ത്തി പ്രിന്‍സിപ്പലിനോടു റിപ്പോര്‍ട്ട് ചെയ്യുമെന്നു പറഞ്ഞപ്പോള്‍ സ്മിതയുടെ ഫോണ്‍ വിദ്യാര്‍ഥി എടുത്തെറിയുകയും മൂക്കില്‍ തുടര്‍ച്ചയായി ഇടിക്കുകയുമായിരുന്നു. രക്തം വാര്‍ന്നു ബോധരഹിതയായി വീണ സ്മിതയെ മറ്റ് അധ്യാപകര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.
പ്രഥമശുശ്രൂഷയ്ക്കു ശേഷം കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്കു പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചു. മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്മിതയെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുവരാനുള്ള ശ്രമം നടത്തുകയാണെന്നും ദീപക് പറഞ്ഞു. ഒരു വര്‍ഷം മുന്‍പാണ് സ്മിത സ്കൂളില്‍ അധ്യാപികയായി ജോലിക്കു ചേര്‍ന്നത്. രണ്ടായിരത്തോളം അധ്യാപകരുള്ള മാലദ്വീപില്‍ 75 ശതമാനം പേരും മലയാളികളാണെന്നും ഇവരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ദീപക് പറയുന്നു. സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.






