
മനുഷ്യര്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന പാമ്പുകള്‍ വീടിനുള്ളില്‍ സ്വതന്ത്രമായി വിഹരിക്കുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയില്‍. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള ഷെത്ഫാല്‍ എന്ന ഗ്രാമത്തിലാണ് ഈ വിചിത്രവും അത്ഭുതകരവുമായ കാഴ്ചയുള്ളത്. ഇവിടെ വീടിന്റെ പരിസരത്തോ സ്‌കൂളിലോ എന്തിന് വീടിനുള്ളിലോ പാമ്പിനെ കണ്ടാല്‍ ആരും ഭയന്ന് ഓടാറില്ല; പകരം ആദരണീയരായ അതിഥികളായാണ് ഓരോ ഗ്രാമവാസിയും ഇവയെ സ്വീകരിക്കുന്നത്.
മൂര്‍ഖന്‍ പാമ്പുകളുമായുള്ള ഗ്രാമവാസികളുടെ ചങ്ങാത്തത്തിന് പിന്നില്‍ ആഴത്തിലുള്ള വിശ്വാസമാണുള്ളത്. ഷെത്ഫാലിലെ ഓരോ വീട്ടിലും പാമ്പുകള്‍ക്ക് വിശ്രമിക്കാനായി 'ദേവസ്ഥാനം' എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക ഇടം പണിതിട്ടുണ്ട്. പുതിയ വീട് വെക്കുമ്പോള്‍ പോലും പാമ്പുകള്‍ക്കായി ഈ സ്ഥലം മാറ്റി വെക്കണമെന്ന് ഇവിടുത്തെ നിര്‍ബന്ധമാണ്. സ്‌കൂളുകളില്‍ കുട്ടികള്‍ പഠിക്കുമ്പോള്‍ പാമ്പുകള്‍ കൂളായി ഇടനാഴികളിലൂടെ നടക്കുന്നത് ഇവിടെ സര്‍വ്വസാധാരണമാണ്. ഈ സാഹോദര്യം കാണാനായി നിരവധി സഞ്ചാരികളാണ് ഇപ്പോള്‍ ഇവിടേക്ക് എത്തുന്നത്.
ഏകദേശം 2700 പേര്‍ വസിക്കുന്ന ഈ വരണ്ട പ്രദേശത്ത് പാമ്പുകള്‍ ധാരാളമായി ഉണ്ടെങ്കിലും, ഇന്നുവരെ ആര്‍ക്കും പാമ്പുകടിയേറ്റ ചരിത്രമില്ലെന്ന് നാട്ടുകാര്‍ അവകാശപ്പെടുന്നു. നാഗപഞ്ചമി ആഘോഷവേളകളില്‍ ഈ പാമ്പുകളെ വിശിഷ്ടാതിഥികളായി കണ്ട് പൂജകള്‍ നടത്താറുണ്ട്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഈ അപൂര്‍വ്വ ഇഴയടുപ്പം ഷെത്ഫാല്‍ ഗ്രാമത്തെ ഇന്ത്യയിലെ ശ്രദ്ധേയമായ ഒരു പരിസ്ഥിതി ടൂറിസം കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.






