
കഠിനമായ വേനല്‍ച്ചൂടില്‍ വലയുന്ന വീട്ടുജോലിക്കാരിക്ക് സ്‌നേഹസമ്മാനമായി എയര്‍ കൂളര്‍ നല്‍കുന്ന ഒരു കുടുംബത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ ദൃശ്യങ്ങള്‍ ഇതിനകം 23 ലക്ഷത്തിലധികം പേരാണ് കണ്ടത്. ജോലി ചെയ്യുന്ന കുടുംബത്തില്‍ നിന്ന് ലഭിച്ച അപ്രതീക്ഷിത സമ്മാനം കണ്ട് ആശ്ചര്യപ്പെടുന്ന യുവതിയുടെ പ്രതികരണം വായനക്കാരുടെ മനസ്സ് നിറയ്ക്കുന്നതാണ്.
'ലൈഫ് ഓഫ് കൊക്കോ ആന്‍ഡ് ചിക്കോ' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ ഹൃദയസ്പര്‍ശിയായ വീഡിയോ പുറത്തുവന്നത്. തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളെപ്പോലെ പരിപാലിക്കുന്ന ആള്‍ക്ക് നല്‍കിയ ചെറിയൊരു ഉപഹാരം എന്ന നിലയിലാണ് കുടുംബം ഇത് പങ്കുവെച്ചിരിക്കുന്നത്. 'ഇവര്‍ തീര്‍ച്ചയായും ഇത് അര്‍ഹിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
അടുക്കളയില്‍ ജോലിയിലായിരുന്ന യുവതിയെ വീട്ടുടമസ്ഥ സ്‌നേഹപൂര്‍വ്വം വിളിച്ചുകൊണ്ടുവരുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ഹാളില്‍ കരുതിയിരുന്ന കൂളറിന്റെ പെട്ടി കണ്ട് അത്ഭുതപ്പെട്ട യുവതി, ഇത് തനിക്കുള്ളതാണെന്ന് അറിഞ്ഞതോടെ സന്തോഷം കൊണ്ട് മതിമറന്നു. നിറഞ്ഞ ചിരിയോടെ വീട്ടുടമസ്ഥയെ കെട്ടിപ്പിടിച്ച് നന്ദി പറയുന്ന യുവതിയുടെ മുഖത്തെ തിളക്കം കണ്ടുനിന്നവര്‍ക്കും ഒരുപോലെ സന്തോഷം പകര്‍ന്നു.
കടുത്ത ചൂട് അനുഭവപ്പെടുന്ന ഈ സമയത്ത് വീട്ടുജോലിക്കാര്‍ക്ക് ഇത്തരമൊരു പരിഗണന നല്‍കിയ കുടുംബത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'യുവതി നിങ്ങളെ കെട്ടിപ്പിടിക്കുമ്പോള്‍ കാണുന്നത് അവര്‍ക്ക് ആ വീട്ടിലുള്ള കംഫര്‍ട്ട് സോണ്‍ ആണ്' എന്നും 'ആ മനോഹരമായ ചിരി കാണാന്‍ വീണ്ടും വീണ്ടും വീഡിയോ കാണുന്നു' എന്നും ആളുകള്‍ കമന്റുകള്‍ രേഖപ്പെടുത്തി. മനുഷ്യത്വവും സ്‌നേഹവും നിറഞ്ഞ ഇത്തരം കൊച്ചു കാര്യങ്ങള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് വീഡിയോ നല്‍കുന്ന സന്ദേശം.






