
ആനന്ദ് മേനൻ സംവിധാനം ചെയ്ത് വിപിൻ ദാസ് രചന നിർവഹിച്ച ‘വാഴ’ എന്ന സിനിമ പേരിലെ കൗതുകം പോലെ തന്നെ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ച ഒരു സിനിമ കൂടിയാണ്. സമൂഹത്തിൽ ഒന്നിനും കൊള്ളാത്തവർ എന്ന് മുദ്രകുത്തപ്പെട്ട ഒരു കൂട്ടം യുവാക്കളുടെ കഥ പറഞ്ഞ ഈ ചിത്രം അതിന്റെ സ്വാഭാവികമായ തമാശകൾ കൊണ്ടും വൈകാരികമായ നിമിഷങ്ങൾ കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു.
ആദ്യ സിനിമയുടെ ഗംഭീര വിജയത്തിനു പിന്നാലെ വാഴ 2 എന്ന പേരിൽ രണ്ടാം ഭാഗം നേരത്തെ പ്രഖ്യാപിക്കപ്പെട്ടു. നവാഗത സംവിധായകനായ എസ്. സവിൻ സംവിധാനം ചെയ്ത ‘വാഴ 2- ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ ഹൗസ് ഫുള്ളായിരുന്നു. മലയാള സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് ഈ ചിത്രം. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുൻനിർത്തി ഒരുക്കിയ സിനിമക്ക് ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളിൽ കലക്ഷൻ കിട്ടുന്നത് ഇതാദ്യമാണ്.
ഇപ്പോഴിതാ വാഴ 2 കണ്ട ശേഷം അഭിനേതാക്കളെ വീഡിയോകോളിൽ വിളിച്ച് അഭിനന്ദിക്കുന്ന എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാലിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കെ. സി. വേണുഗോപാല്‍ ഭാര്യ ആശക്കും മകൾ പാർവതിക്കും ഒപ്പമാണ് തിയേറ്ററിലെത്തി സിനിമ കണ്ടത്. അതിനു പിന്നാലെ അഭിനേതാക്കളെ കെ.സി വീഡിയോ കോളില്‍ വിളിച്ചത്. ഈ വീഡിയോ കെ.സി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഹാഷിറിനോട് വീഡിയോ കോളിൽ നേരിട്ടു സംസാരിച്ചു കൊണ്ട് അഭിനന്ദനം അറിയിച്ച കെ.സി, തങ്ങൾ ആയിരം പ്രസംഗങ്ങൾ നടത്തുന്നതിലും ഫലമാണ് ഈ ഒറ്റ സിനിമയെന്ന് പറഞ്ഞു.
‘‘വാഴ 2 കുടുംബത്തോടൊപ്പം കണ്ടു. ഇൻസ്റ്റഗ്രാം റീൽ താരങ്ങളായ ഹാഷിറും ടീമും മറ്റു അഭിനേതാക്കളും എത്ര മനോഹരമായാണ് അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കണ്ടതിനു പിന്നാലെ അഭിനേതാക്കളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കും, സംവിധാനം നിർവഹിച്ച സവിൻ സായ്ക്കും രചന നിർവഹിച്ച വിപിൻ ദാസിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ...’’ എന്നാണ് വീഡിയോ പങ്കിട്ട് കെ.സി വേണുഗോപാൽ കുറിച്ചത്.
ടീമിനെ ഫോണിൽ വിളിച്ച കെ.സി, ‘ഹലോ, ഹാഷിർ’ എന്ന് വിളിച്ചാണ് സംസാരിച്ചുതുടങ്ങിയത്. സിനിമ കണ്ട് ഇറങ്ങിയതേയുള്ളൂവെന്ന് പറഞ്ഞ ശേഷം, തങ്ങൾ നടത്തുന്ന ആയിരം പ്രസംഗങ്ങളേക്കാൾ എഫക്ടീവാണ് ‘വാഴ 2’ എന്ന ഒറ്റച്ചിത്രമെന്ന് പറഞ്ഞു. ‘ബെസ്റ്റ് മൂവി. ഡ്രഗ്‌സിനെതിരായും പാരന്റ്‌സിനും ജെൻസിക്കും വേണ്ടിയുള്ള നല്ല സന്ദേശമാണ് ചിത്രം പറയുന്നത്. ഇൻസ്റ്റയില്‍ മാത്രം കറങ്ങുന്നതിന് പകരം ബിഗ്‌സ്‌ക്രീനിൽ വന്നതോടെ, നിങ്ങൾ ഒരു ചരിത്രം രചിച്ചു. എനിക്കും കുട്ടികൾക്കും വളരെ ഇഷ്ടപ്പെട്ടു...’ കെ.സി പറഞ്ഞു.
തുടർന്ന് എന്തെങ്കിലും അനുഭവത്തിന്റെ വെളിച്ചത്തിലാണോ സിനിമയെന്ന കെ.സിയുടെ ചോദ്യത്തിന് പലരുടേയും അനുഭവങ്ങളാണ് എന്നായിരുന്നു ടീമിന്റെ മറുപടി. 'നേരിട്ട് കാണണം, സിനിമയുടെ അനുഭവങ്ങൾ കേൾക്കാൻ താത്പര്യമുണ്ട്...’ കെ.സി പറഞ്ഞു.
‘കൊള്ളാം അടിപൊളി സിനിമ..’യെന്നാണ് മകൾ പാർവതി വിഡിയോകോളിലൂടെ പറഞ്ഞത്. അധ്യാപികയായ ഭാര്യക്ക് പടം നന്നായി കണക്റ്റായെന്ന് കൂടി പറഞ്ഞ് ഭാര്യയെക്കൂടി വിഡിയോ കോളില്‍ കാണിച്ച ശേഷമാണ് കെസി ഫോണ്‍ വെച്ചത്.
ഇൻസ്റ്റാ റീൽസ് സൂപ്പർ താരങ്ങളായ ഹാഷിർ എച്ച്, അലൻ ബിൻ സിറാജ്, വിനായക് വി, അജിൻ ജോയ്, ദേവരാജ് ടി.ആർ. ടി.ആർ. എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. നവാഗതനായ സവിൻ സാ സംവിധാനം ചെയ്ത ചിത്രം കോമഡി ഡ്രാമ ഫോർമുല തന്നെയാണ് പിന്തുടരുന്നത്. ഹ്യൂമറിൽ തുടങ്ങി ഇമോഷണൽ ഡ്രാമയിലൂടെ കടന്ന് നന്നായി പര്യവസാനിക്കുന്ന ചിത്രം ഏറ്റെടുക്കുകയാണ് ആരാധകര്‍.
കെ.സി. വേണുഗോപാല്‍ പങ്കിട്ട വീഡിയോയ്ക്ക് താഴെയും നിരവധി കമന്റുകള്‍ നിറയുന്നുണ്ട്. ‘അവരെ വിളിച്ച് അവർക്ക് വേണ്ട പ്രോത്സാഹനം കൊടുത്തത് വലിയ പ്രചോദനം തന്നെയാണ്..., കെസി യുടെ പ്രോത്സാഹനം മലയാളികൾക്ക് പുത്തൻ പ്രതീക്ഷയാണ്...’ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.
സാമൂഹിക മാധ്യമങ്ങളിലൂടെ കഴിവ് തെളിയിച്ച യുവതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയും സൂപ്പർതാരങ്ങളെ പൂർണ്ണമായി ഒഴിവാക്കിയും മുഖ്യാധാരാ അഭിനേതാക്കളെ പരിമിതപ്പെടുത്തിയും വിപിൻ ദാസും സംഘവും നടത്തുന്ന പതിവ് ശൈലി തന്നെയാണ് വാഴ-II ന്റെയും ഹൈലൈറ്റ്. വാഴ-I, വ്യസനസമ്മേതം ബന്ധുമിത്രാദികൾ എന്നീ സിനിമകളിൽ വിജയിച്ച പരീക്ഷണം വാഴ-II-ലും ടീം തുടരുന്നു. വിപിൻ ദാസാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
വെറും ഏഴു ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം അതിന്റെ കുതിപ്പ് തുടരുകയാണ്. ഈ വലിയ വിജയത്തിന്റെ ആഘോഷങ്ങള്‍ക്കിടെയാണ് ആരാധകര്‍ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. ‘വാഴ 3’ വരുന്നു...’ എന്ന്. ചിത്രത്തിന്റെ രചയിതാവും സഹനിർമാതാവുമായ വിപിന്‍ ദാസാണ് ഇന്‍സ്റ്റഗ്രാമിലൂടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചത്. മൂന്ന് വിരലുകള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള തന്റെ ചിത്രത്തിനൊപ്പം ‘വാഴ വളരുന്നു’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വിപിന്‍ പോസ്റ്റ് പങ്കുവച്ചത്. ‘വാഴ 3: ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പെൺകുട്ടികളുടെ കഥയാണ് പറയുന്നത്. വിപിൻ ദാസിന്റെ തിരക്കഥയിൽ വിപിന്റെ സംവിധാന സഹായിയായിരുന്ന വിശ്വൻ ശ്രീജിത്താണ് മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്.






