
വാഷിംഗ്ടണ്‍: ഇന്ധനപ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന തീരുമാനം വീണ്ടും എടുത്ത് അമേരിക്ക. റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയെ അനുവദിക്കുന്ന ഉപരോധ ഇളവ് പുതുക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള ഇളവുകള്‍ ഇന്ത്യയ്ക്ക് അധിക വിതരണം ഉറപ്പാക്കാന്‍ സഹായകരമായിരുന്നു. എന്നാല്‍ അമേരിക്കന്‍ തീരുമാനം തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.
ഈ കാലയളവില്‍ ഇന്ത്യന്‍ റിഫൈനറികള്‍ ഏകദേശം 3 കോടി ബാരല്‍ റഷ്യന്‍ എണ്ണയ്ക്ക് ഓര്‍ഡര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ ഉപരോധം നേരിടാതെ ഇറാനിയന്‍, റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുവദിച്ചിരുന്ന ഇളവുകള്‍ ഇനി പുതുക്കില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ കാരണം നിരവധി കപ്പലുകള്‍ കടലില്‍ കുടുങ്ങിക്കിടന്ന സാഹചര്യത്തില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാന്‍ ഈ ഇളവുകള്‍ ന്യൂഡല്‍ഹിയെ സഹായിച്ചിരുന്നു.
ഉയരുന്ന ഇന്ധനവിലയെ പ്രതിരോധിക്കാനുള്ള ഒരു താല്‍ക്കാലിക നടപടിയായാണ് ഈ ഇളവുകള്‍ വിഭാവനം ചെയ്തത്. യുദ്ധസമയത്ത് ഊര്‍ജ്ജ വിതരണത്തിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി, നിശ്ചിത സമയപരിധിക്ക് മുമ്പ് കപ്പലുകളില്‍ കയറ്റിയ എണ്ണ വില്‍ക്കാന്‍ ഇത് അനുവദിച്ചിരുന്നു. മാര്‍ച്ചില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തടഞ്ഞതിനെത്തുടര്‍ന്ന്, മാര്‍ച്ച് 12-ന് മുമ്പ് കയറ്റിയ റഷ്യന്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യാന്‍ യുഎസ് 30 ദിവസത്തെ ലൈസന്‍സ് നല്‍കിയിരുന്നു. ഇതിന്റെ കാലാവധി ഏപ്രില്‍ 11-ന് അവസാനിച്ചു.
ഇറാനിയന്‍ എണ്ണയ്ക്കുള്ള സമാനമായ ഇളവ് ഏപ്രില്‍ 19-ന് അവസാനിക്കും. റഷ്യന്‍ എണ്ണ വാങ്ങുന്നതിലെ ഇളവുകള്‍ ആഗോള എണ്ണ വിതരണ തടസ്സങ്ങള്‍ക്കിടയിലും ഇന്ത്യയ്ക്ക് സഹായകരമായി. ഏകദേശം 30 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയ്ക്കാണ് ഇന്ത്യന്‍ കമ്പനികള്‍ ഓര്‍ഡര്‍ നല്‍കിയത്. ഈ ഇളവുകളുടെ കാലയളവില്‍ ഏകദേശം ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായി ഇറാനിയന്‍ ക്രൂഡ് ഓയില്‍ വഹിച്ച രണ്ട് സൂപ്പര്‍ടാങ്കറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തി. ഒരുകാലത്ത് ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 11.5 ശതമാനവും ഇറാനില്‍ നിന്നായിരുന്നു.






