
കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മാതാവിനെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്. പോലീസ് കസ്റ്റഡിയിലുള്ള 25 കാരിയായ മാതാവിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. സംഭവത്തില്‍ പോലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. പ്രസവശേഷം കുഞ്ഞ് മരിച്ചെന്നാണ് യുവതി പറയുന്നത്. കൊഴിഞ്ഞാമ്പാറ സ്വദേശിനിയുടേതാണ് കുഞ്ഞ്.
മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ പള്ളിയുടെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കുടുംബ പശ്ചാത്തലം ഉള്‍പ്പെടെ പോലീസ് തെരയുന്നുണ്ട്. കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് പള്ളി അധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് നടപടിയെടുത്ത പോലീസ് മാതാവ് സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ വിവരങ്ങള്‍ എടുത്താണ് യുവതിയെ കണ്ടെത്തിയത്. നിലവില്‍ മാതാവ് ആശുപത്രിയിലാണ്.
ആറ് മാസം വളര്‍ച്ചയെത്തിയ കുഞ്ഞിന്റെ മൃതദേഹം പള്ളിയുടെ പുറകിലെ വരാന്തയിലായിരുന്നു കണ്ടെത്തിയത്. പള്ളിയുടെ മറ്റ് വശങ്ങളില്‍ സിസിടിവി ഉണ്ടെങ്കിലും വരാന്തയുടെ സിസിടിവി ഇല്ലാത്ത ഭാഗത്താണ് പ്രസവിച്ചത്. ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പാലക്കാട് നിന്നെത്തിയ തീര്‍ത്ഥാടക സംഘമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.






