
അന്തരിച്ച ഇതിഹാസ ഗായിക ആശ ഭോസ്‌ലെയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് കൊച്ചുമകള്‍ സനായി ഭോസ്‌ലെ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സനായി തന്റെ മുത്തശ്ശിക്കൊപ്പമുളള അപൂര്‍വ്വ നിമിഷങ്ങള്‍ പങ്കുവെച്ചത്.
ബാല്‍ക്കണിയില്‍ നിന്ന് മുബൈയിലെ ഒരു തെരുവിലെ ആഘോഷങ്ങള്‍ കണ്ട് ആസ്വദിക്കുന്ന സനായിയെയും ആശ ഭോസ്‌ലെയെയും വീഡിയോയില്‍ കാണാം. സന്തോഷത്തില്‍ ആശാ ഭോസ്‌ലെ ചുവടുവെക്കുമ്പോള്‍ സനായി അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുകയും സനായി മുത്തശ്ശിയുടെ നെറ്റിയില്‍ ചുംബിക്കുകയും ചെയ്യുന്നു. ‘അവര്‍ ജീവിതം ആഘോഷിച്ചതുപോലെ നമ്മളും ആഘോഷിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത് ’ എന്ന അടിക്കുറിപ്പോടെയാണ് സനായി ഈ വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസവും സനായി മുത്തശ്ശിയെക്കുറിച്ചുളള ഓര്‍മകള്‍ പങ്കിട്ടുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇന്ന് രാവിലെ ഉണര്‍ന്നപ്പോള്‍
എന്റെ ജീവിതത്തിന്റെ ഭാഗമായ, എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ എനിക്ക് നഷ്ടപ്പെട്ടുവെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഞാന്‍ ജനിച്ചപ്പോള്‍ എന്നെ ആദ്യം കൈകളില്‍ എടുത്തത് അവരാണ്. ഇനി ഞാന്‍ എന്ത് ചെയ്യും? രാവിലെ എഴുന്നേറ്റ് ഞാന്‍ ആരെയാണ് കെട്ടിപ്പിടിക്കേണ്ടത്? ആരുടെ കൂടെയാണ് ചായ കുടിക്കേണ്ടത്? ഞാന്‍ വീട്ടില്‍ വരുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് കാത്തിരിക്കേണ്ടത്? ആരോടാണ് ഞാന്‍ തമാശകള്‍ പറയേണ്ടത് എന്നായിരുന്നു മുത്തശ്ശിക്കൊപ്പമുളള ഒരു വീഡിയോ പങ്കിട്ടുകൊണ്ട് സനായി കുറിച്ചത്.
അതേസമയം ഏപ്രില്‍ 12 ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചായിരുന്നു ആശാ ഭോസ്‌ലെ അന്തരിച്ചത്. 92 വയസ്സായിരുന്നു. തിങ്കളാഴ്ച മുംബൈയില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ആശാ ഭോസ്ലേയുടെ സംസ്‌കാരം നടന്നത്. സംസ്‌കാര ചടങ്ങുകളില്‍ ആയിരക്കണക്കിന് ആരാധകരും സിനിമാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു.