
ഒരു വാണിജ്യ കേന്ദ്രത്തിലെ ഒരു സാധാരണ ദിവസം, പെട്ടെന്ന് പതിനായിരക്കണക്കിന് തേനീച്ചകളുടെ ഒരു വലിയ കൂട്ടം പ്രത്യക്ഷപ്പെട്ട് ആളുകളെ വീടിനുള്ളില്‍ തന്നെ ഇരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. മദ്ധ്യേഷ്യയിലെ കത്തുന്ന പ്രതിസന്ധികള്‍ക്കിടയില്‍ ഇസ്രായേലില്‍ അസാധാരണവും അപ്രതീക്ഷിതവുമായ ഒരു തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം വ്യാപകമായ പരിഭ്രാന്തിക്കും ആകാംക്ഷയ്ക്കും കാരണമായിട്ടുണ്ട്.
അവിശ്വസനീയമാംവിധം അസ്വസ്ഥതയുണ്ടാക്കുന്ന നെറ്റിവോട്ടില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുമ്പോള്‍ ഒരു സാധാരണ സംഭവമായി ഇതിനെ കാണാന്‍ കഴിയാത്ത നെറ്റിസണ്‍മാരായ വിശ്വാസികള്‍ സംഭവത്തിന്റെ ഉള്ളറകള്‍ തേടി ബൈബിളിലെ പഴയ മിത്തുകളിലേക്കും വിഖ്യാതനായ നോസ്ട്രാഡമസിന്റെ പ്രവചനവുമൊക്കെയായി ബന്ധിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
സംഭവത്തെ നോസ്ട്രഡമസുമായി ബന്ധിപ്പിക്കുന്നത് 'തേനീച്ചകളുടെ വലിയ കൂട്ടം ഉയര്‍ന്നുവരും... രാത്രിയില്‍ പതിയിരുന്നുള്ള ആക്രമണം...' എന്ന അദ്ദേഹത്തിന്റെ വരികളിലാണ്. അതേസമയം ഇസ്രായേലിലെ നെറ്റിവോട്ടില്‍ ഉണ്ടായ വലിയ തേനീച്ചക്കൂട്ടം ലോകാവസാന സിദ്ധാന്തങ്ങള്‍ക്കും കാരണമായി മാറിയിട്ടുണ്ട് ചരിത്രപരമായി തേനീച്ചകള്‍ കേവലം പ്രാണികള്‍ മാത്രമല്ല. പുരാതന ഈജിപ്തില്‍ അവ രാജാധികാരത്തിന്റെ പ്രതീകമായിരുന്നു. നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ഇതിനെ തന്റെ സാമ്രാജ്യത്വ ചിഹ്നമായി സ്വീകരിച്ചിരുന്നു. അതിനാല്‍, ഒരു തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം ക്രമസമാധാന തകര്‍ച്ചയായോ അധികാരത്തിന്മേലുള്ള ഒരു വ്യാഖ്യാനമായോ കാണാനാണ് ശ്രമം.
നോസ്ട്രാഡമസിന്റെ പ്രവചനങ്ങളില്‍ '26' എന്ന് രേഖപ്പെടുത്തിയ ഭാഗങ്ങള്‍ 2026-ലേക്ക് വിരല്‍ ചൂണ്ടുന്നവയാണെന്ന് പലരും വിശ്വസിക്കുന്നു. അതിലൊന്ന് ഇതാണ്. മുമ്പ് വിദഗ്ധര്‍ നോസ്ട്രാഡമസിന്റെ 'തേനീച്ച' സംബന്ധിച്ച വരികളെ ഒരു പ്രതീകാത്മകമായിട്ടാണ് കണ്ടിരുന്നത്.
ചര്‍ച്ചകളില്‍ നോസ്ട്രാഡമസിന്റെ മറ്റു പ്രവചനങ്ങളെയും ആള്‍ക്കാര്‍ എടുത്തിട്ടുണ്ട്. ഏഴ് മാസത്തോളം നീണ്ടുനില്‍ക്കുന്ന വലിയ യുദ്ധത്തെ കുറിച്ചും നോസ്ട്രഡമസിന്റെ പരാമര്‍ശം ഉള്ളതായും വിശ്വസിക്കപ്പെടുന്നുണ്ട്. ഇത് നിലവിലെ സംഘര്‍ഷങ്ങളും മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കാന്‍ കാരണമാകുന്ന സംഭവവുമാണോ എന്ന തരം ഭീതി ഈ വ്യാഖ്യാനങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ട്.
'ചൊവ്വ നക്ഷത്രങ്ങള്‍ക്കിടയില്‍ തന്റെ പാത ഭരിക്കുമ്പോള്‍... കിഴക്ക് നിന്ന് മൂന്ന് തീജ്വാലകള്‍ ഉയരും.' എന്നാണ് വരികള്‍. ചൊവ്വ യുദ്ധത്തിന്റെ ഗ്രഹമായാണ് അറിയപ്പെടുന്നത്. കിഴക്ക് നിന്നുള്ള ശക്തികളായി ചൈന, ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവയെ ഇതില്‍ വ്യാഖ്യാനിക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ടിസിനോ നദി രക്തം കൊണ്ട് നിറയുമെന്ന മറ്റൊരു പ്രവചനവും 2026-ലേക്ക് വിരല്‍ ചൂണ്ടുന്നതായി പറയപ്പെടുന്നു.
സംഭവത്തില്‍ വിശ്വാസികളുടെ കൂട്ടത്തില്‍പ്പെട്ട നെറ്റിസന്‍മാര്‍ ബൈബിള്‍, ഖുറാന്‍ പ്രവചനത്തോടും ബന്ധിപ്പിക്കുന്നുണ്ട്. പലരും ബൈബിളിലെ യെശയ്യാവ് 7:18 ഉദ്ധരിക്കുന്നു. 'അന്നാളില്‍ കര്‍ത്താവ് ഈജിപ്തിലെ നൈല്‍ നദിയുടെ അങ്ങേ അറ്റത്തുള്ള ഈച്ചകളെയും അസീറിയ ദേശത്തെ തേനീച്ചകളെയും വിളിച്ചുകൂട്ടും.' കൂടാതെ, ഒരാള്‍ ഈ തേനീച്ചകളുടെ വീഡിയോ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് ഖുറാനിലെ സൂറ അല്‍-അഅ്‌റാഫ് (7:133) എന്ന വചനവും ഉദ്ധരിച്ചു: 'അപ്പോള്‍ നാം അവര്‍ക്കു നേരെ പ്രളയം, വെട്ടുക്കിളി, പേന്‍, തവള, രക്തം എന്നിങ്ങനെ വ്യക്തമായ അടയാളങ്ങള്‍ അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ഒരു ജനതയായി തുടരുകയും ചെയ്തു.'






