
ബോളിവുഡ് താരം സാറ അലി ഖാന്റെ ഏറ്റവും പുതിയ യാത്രാചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. സിനിമയുടെ തിരക്കുകളില്‍ നിന്നും നഗരജീവിതത്തിലെ ബഹളങ്ങളില്‍ നിന്നും ഇടവേളയെടുത്ത് പ്രകൃതിയുടെ ശാന്തത തേടി സോളോ ട്രിപ്പിലാണ് താരം .മൂടല്‍ മഞ്ഞാല്‍ ചുറ്റപ്പെട്ട മലനിരകളില്‍ നിന്നുളള ചിത്രങ്ങളും വീഡിയേകളും സാറ പങ്കുവെച്ചിട്ടുണ്ട്.
അതിരുകളില്ലാത്ത പ്രകൃതിഭംഗി ആസ്വദിക്കുന്നതിനൊപ്പം പ്രാദേശിക ജനതയുമായി സമയം ചിലവഴിക്കാനും താരം മറന്നില്ല. ഒരു നാടൻ വീടിന്റെ ആതിഥേയത്വം സ്വീകരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘നമ്മൾ കീഴടക്കുന്നത് പർവതങ്ങളെയല്ല, മറിച്ച് നമ്മളെത്തന്നെയാണ്’ എന്ന എഡ്മണ്ട് ഹിലാരിയുടെ പ്രശസ്തമായ വരികളാണ് യാത്രാചിത്രങ്ങൾക്ക് സാറ നൽകിയ അടിക്കുറിപ്പ്. സുരക്ഷാ കാരണങ്ങളാൽ യാത്ര പോയ സ്ഥലം താരം വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം യാത്രകഴിഞ്ഞ് മടങ്ങിയെത്തുന്ന സാറയെ കാത്തിരിക്കുന്നത് വലിയ പ്രൊജക്ടുകളാണ്. ആയുഷ്മാന്‍ ഖുറാന നായകനാകുന്ന ‘പതി പത്നി ഓര് വോ ദോ ’എന്ന ചിത്രമാണ് സാറയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം. രാകുല്‍ പ്രീത് സിങ്, വാമിക ഗബ്ബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അസീസ് സംവിധാനം ചെയ്ത ചിത്രം മെയ് 15 ന് തിയറ്ററുകളിലെത്തും.






