
മലയാളികള്ക്ക് എന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്മാന്. സംവിധായകന് പത്മരാജന് മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില് ഒരാളായ റഹ്മാൻ പിന്നീട് മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിൽ താരം തിളങ്ങി. ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള തരുമായിരുന്നു റഹ്മാൻ.
ഇപ്പോഴിതാ ന്യൂ ജനറേഷൻ താരങ്ങളെക്കുറിച്ച് റഹ്മാൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. നിലവിലെ മലയാള സിനിമയിലെ വിവാദങ്ങളെക്കുറിച്ചും ചില താരങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചും എന്താണ് പറയാനുള്ളത് എന്നാണ് അവതാരക റഹ്മാനോട് ചോദിച്ചത്. തനിക്ക് പലരോടും ദേഷ്യം തോന്നാറുണ്ടെന്നും ലഹരി ഉപയോഗിക്കുന്ന നടന്മാരെക്കുറിച്ചും, അവർ ഇന്റർവ്യൂകളിൽ പെരുമാറുന്ന രീതിയെക്കുറിച്ചും ഒക്കെ കാണുമ്പോൾ ഭയങ്കര സങ്കടമാണ് വരുന്നതെന്നുമാണ് താരം പറയുന്നത്.
"ഒരുപക്ഷേ ഞാൻ അവരുടെ മുന്നിൽ ആ സമയത്ത് സ്റ്റേജിൽ എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാൻ കൊടുത്തേനെ. അത്രയും ദേഷ്യം ചിലപ്പോൾ എനിക്ക് കാണും. മലയാളം ഇൻഡസ്ട്രിയിൽ ഇങ്ങനെയൊക്കെയുള്ള വാർത്തകൾ കേൾക്കുമ്പോൾ എനിക്ക് ഭയങ്കരമായിട്ട് വിഷമം തോന്നും. ഈ ലഹരി ഉപയോഗിക്കുന്ന നടന്മാരെക്കുറിച്ചും, അവർ ഇന്റർവ്യൂകളിൽ പെരുമാറുന്ന രീതിയെക്കുറിച്ചും ഒക്കെ കാണുമ്പോൾ എനിക്ക് ഭയങ്കര സങ്കടമാണ് വരുന്നത്.
ഈ ഇൻഡസ്ട്രി ഉണ്ടാക്കിയെടുത്ത കുറെ വലിയ ആളുകളുണ്ട്.
സത്യൻ മാസ്റ്റർ, പ്രേം നസീർ സർ, ജോസ് പ്രകാശ് തുടങ്ങിയവരൊക്കെ നമ്മുടെ ഇൻഡസ്ട്രിയുടെ വലിയ തൂണുകളായിരുന്നു. ഇവരൊക്കെ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത ഒരു സംസ്കാരമുണ്ട് മലയാള സിനിമയ്ക്ക്. ആ കൾച്ചറിനെയാണ് ഇവർ ഇപ്പോൾ ഇല്ലാതാക്കുന്നത്.
എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, 80-കളിൽ മലയാള സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾക്ക് വലിയ പേടിയായിരുന്നു. അതൊരു സുരക്ഷിതമായ മേഖലയല്ല എന്നൊരു തോന്നൽ അന്നുണ്ടായിരുന്നു. എന്നാൽ 80-കളുടെ അവസാനത്തോടെ ആ ഇമേജ് മാറി. സിനിമയ്ക്ക് മാന്യമായ ഒരു പ്രതിച്ഛായ വന്നു. എന്നാൽ ഇപ്പോൾ വീണ്ടും ലഹരി ഉപയോഗത്തെക്കുറിച്ചൊക്കെ കേൾക്കുമ്പോൾ ആ കഠിനാധ്വാനമെല്ലാം വെറുതെയാവുകയാണോ എന്ന് തോന്നിപ്പോകുന്നു.
ഇവരൊക്കെ സിനിമയിലേക്ക് വരുന്നതിന് മുൻപ് മുൻഗാമികൾ ഉണ്ടാക്കിയെടുത്ത ഈ ഫീൽഡിനെ കുറിച്ച് ആലോചിക്കണമായിരുന്നു. പൊതുവേദികളിലും മറ്റും കുറച്ചുകൂടി മര്യാദയോടും സംസ്കാരത്തോടും കൂടി പെരുമാറണം. സിനിമയിലെ സഹപ്രവർത്തകർക്ക് ഞാൻ ഇത് പറയുന്നത് ഇഷ്ടപ്പെട്ടെന്ന് വരില്ല, പക്ഷേ എനിക്ക് എന്റെ അനുഭവം പറയാനുള്ള അവകാശമുണ്ട്.
ഞാൻ ഇതിനെല്ലാം പൂർണ്ണമായും എതിരാണ്. നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം, അത് നിങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. പക്ഷേ അത് പൊതുയിടങ്ങളിൽ പ്രദർശിപ്പിക്കാതെ മറ്റെവിടെയെങ്കിലും പോയി ചെയ്യൂ എന്നാണ് എനിക്ക് പറയാനുള്ളത്..." എന്നാണ് റഹ്മാൻ പറയുന്നത്. താരത്തിന്റെ ഈ അഭിപ്രായത്തിന് താഴെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ കുറിക്കുന്നുണ്ട്.






