
അന്തരിച്ച നടന് ഇര്ഫാന് ഖാന്റെ മകന് ബാബില്‍ ഖാന് തന്റെ പിതാവിനെക്കുറിച്ചുളള ഹൃദയസ്പര്‍ശിയായ ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ബാബില്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ആരാധകരുടെ കണ്ണ് നിറയ്ക്കുന്നത്.
കാന്‍സര്‍ ബാധിച്ച് ശാരീരികമായി ഏറെ തളര്‍ന്നിരുന്ന കാലത്തും ഭാര്യ സുതപ സിക്ദറിനെ ഇര്ഫാന് എത്രത്തോളം കരുതലോയൊണ് നോക്കിയിരുന്നത് എന്ന് വെളിപ്പെടുത്തുന്ന ചിത്രങ്ങളും കുറിപ്പുമാണ് ബാബില്‍ പങ്കുവെച്ചിരിക്കുന്നത്.
അച്ഛന്റെ ചികിത്സയ്ക്കായി വിശ്രമമില്ലാതെ ഓടിനടന്നിരുന്ന അമ്മയുടെ കാലുകളില്‍ ആണിരോഗം വരുമായിരുന്നുവെന്ന് ബാബില്‍ ഓര്‍ക്കുന്നു. അന്ന് രോഗം കഠിനമായിരുന്ന അവസ്ഥയിലും അച്ഛന് തലയില്‍ തുണികൊണ്ട് മൊബൈല്‍ കെട്ടിവെച്ച് ആ വെളിച്ചത്തില്‍ അമ്മയുടെ കാലിലെ ആണി നീക്കം ചെയ്യുമായിരുന്നുവെന്നാണ് ബാബില്‍ പറയുന്നത്.
‘ബാബയുടെ കാന്‍സര്‍ രോഗം ഏറ്റവും കഠിനമായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തെ പരിചരിക്കാനായി ഓടിനടന്ന അമ്മയുടെ കാലുകളില്‍ ആണിരോഗം വരുമായിരുന്നു. അപ്പോള്‍ ബാബ തലയില്‍ ഫോണ്കെട്ടിവെച്ച് ഒരു ടേര്ച്ച് പോലെ ഉപയോഗിച്ച് അമ്മയുടെ കാലിലെ ആണി നീക്കം ചെയ്യുമായിരുന്നു’ബാബില്‍ കുറിച്ചു. സ്നേഹത്തിന്റെ ആദ്രതയില്‍ എത്താനായി രണ്ടുപേരും കഠിനമായ പ്രതിരോധത്തിന്റെ പാളികള്‍ നീക്കം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാബില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ സോഫയില്‍ ഇരുന്ന് അതീവ ശ്രദ്ധയോടെ ഭാര്യയെ പരിചരിക്കുന്ന ഇര്‍ഫാനെ കാണാം. ചിത്രത്തിന് താഴെ നിരവധിപ്പേരാണ് കമന്റുകളുമായെത്തുന്നത്. ഈ ചിത്രങ്ങളില്‍ ഒരുപാട് വേദനയും ഒപ്പം സ്നേഹത്തിന്റെ ചൂടുമുണ്ട് എന്നായിരുന്നു ഒരാള്‍ കുറിച്ചത്. സുതപ സിക്ദറും മകന്റെ പോസ്റ്റിന് താഴെ സ്നേഹനിര്‍ഭരമായ മറുപടി നല്‍കിയിട്ടുണ്ട്. ‘എന്റെ ഹൃദയമേ ബാബിലാ ’എന്നാണ് സുതപ കുറിച്ചത്.
2018-ല്‍ ന്യൂറോ എന്‍ഡോക്രൈന്‍ കാന്‍സര്‍ സ്ഥിരീകരിച്ച ഇര്ഫാന് ഖാന്, രണ്ട് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ 2020 ഏപ്രില്‍ 29-നാണ് ലോകത്തോട് വിടപറഞ്ഞത്.
അതേസമയം പിതാവിന്റെ പാത പിന്തുടര്ന്ന് സിനിമാ ലോകത്ത് സജീവമാകുകയാണ് ബാബില്‍ ഖാന്. 'ഖല' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ബാബില്‍, 'ഫ്രൈഡേ നൈറ്റ് പ്ലാന്‍', ഭോപ്പാല്‍ ദുരന്തം പ്രമേയമായ 'ദ റെയില്‍വേ മെന്‍' എന്നീ ചിത്രങ്ങളിലൂടെ ഇതിനോടകം തന്നെ തന്റെ അഭിനയ മികവ് തെളിയിച്ചു കഴിഞ്ഞു.






