
ന്യൂഡല്‍ഹി: ശക്തമായ പ്രതിപക്ഷ നിലപാടില്‍ വിജയിപ്പിച്ചെടുക്കാനാകാതെ പോയ വനിത സംവരണ ബില്ലില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപി. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം പൂര്‍ത്തിയാക്കി ലോക്‌സഭയും രാജ്യസഭയും ഇന്ന് അനിശ്ചിതകാലത്തേക്ക് അവസാനിക്കും. വനിത സംവരണ ബില്‍ പാസാക്കാന്‍ ഇനിയും ശ്രമം നടത്താനും വ്യാപകമായി പ്രതിഷേധിക്കാനുമാണ് ബിജെപി നീക്കം.
പാര്‍ലമെന്റിലെ പ്രതിപക്ഷനിലപാടിനെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങുമെന്ന് കേന്ദ്ര ബിജെപി നേതാക്കള്‍ വ്യക്തമാക്കി. വനിത സംവരണ ബില്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെതിരേ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപി. വനിത ബില്‍ പ്രതിപക്ഷം എതിര്‍ത്തതില്‍ എന്‍ഡിഎ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ ഇന്നും പ്രതിഷേധിക്കും. വനിത സംവരണ ബില്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന മൂന്ന് ദിവസത്തെ പ്രത്യേക സിറ്റിംഗ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനം പൂര്‍ത്തിയാക്കി ലോക്‌സഭയും രാജ്യസഭയും ഇന്ന് അനിശ്ചിത കാലത്തേക്ക് അവസാനിക്കും.
എന്‍ഡിഎയ്ക്ക് പുറത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വോട്ടു മാത്രമാണ് ബില്ലിന് അനുകൂലമായി ലഭിച്ചത്. അതേസമയം, പ്രതിപക്ഷം ഒറ്റക്കെട്ടായി കേന്ദ്ര നീക്കങ്ങളെ പ്രതിരോധിക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെതിരെ വോട്ട് ചെയ്തത് വരാന്‍ പോകുന്ന നീക്കങ്ങളുടെ തുടക്കമാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
വനിത സംരക്ഷണ നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ബില്‍ രാജ്യസഭ പരിഗണിക്കേണ്ടി വന്നില്ല. രാവിലെ പതിനൊന്ന് മണിക്ക് തന്നെ രണ്ട് സഭകളും അനിശ്ചിത കാലത്തേക്ക് പിരിയും. സഭകള്‍ പിരിഞ്ഞ ശേഷം കേന്ദ്ര മന്ത്രിസഭ യോഗവും പാര്‍ലമെന്റ് മന്ദിരത്തില്‍ ചേരും. 12 വര്‍ഷത്തിനിടെ ബിജെപി മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒരു ബില്‍ പരാജയപ്പെടുന്നത് ആദ്യമായിട്ടായിരുന്നു.






