
വാല്‍പ്പാറ: മലപ്പുറം പാങ്ങ് ഗ്രാമത്തെ മുഴുവന്‍ കണ്ണീരിലാക്കി പള്ളിപ്പറമ്പ് ജി.എല്‍.പി. സ്‌കൂളിലെ പ്രിയപ്പെട്ട അധ്യാപകര്‍ എന്നന്നേക്കുമായി വിടപറയുമ്പോള്‍ അപകടത്തില്‍പെട്ട വാഹനത്തില്‍ ഇരുന്ന് മരിക്കുന്നതിന് തൊട്ടുമുമ്പ് ആശ ടീച്ചര്‍ പാടിയ ഗാനം വേദനയായി മാറുകയാണ്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരുമൊക്കെയായി കണ്ണീരിലാഴ്ത്തുന്നത്്.
ദുരന്തം കവര്‍ന്നെടുക്കുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് ആ യാത്രാ വാഹനത്തിലിരുന്ന് ടീച്ചര്‍ പാടിയ വരികള്‍ ഇപ്പോള്‍ എല്ലാവരെയും വേദനിപ്പിക്കുന്നു. 'പൂക്കള്‍ പനീനീര്‍ പൂക്കള്‍... നീയും കാണുന്നുണ്ടോ...' എന്ന് തുടങ്ങുന്ന ആ പാട്ടില്‍, 'നമ്മള്‍ നെയ്യും വസന്തം മായരുതെങ്ങും...' എന്ന വരികള്‍ പാടി അവസാനിക്കുമ്പോഴേക്കും വിധി കവര്‍ന്നിരുന്നു. ടീച്ചറുടെ അവസാന പാട്ടായി അത് മാറുമെന്ന് ആരും അറിഞ്ഞിരുന്നില്ല.
സാധാരണയായി എല്ലാ യാത്രകളിലും മകന്‍ അജുവിനെ കൂടെക്കൂട്ടാറുള്ള ടീച്ചര്‍ ഈ യാത്രയില്‍ മകനെ ഒഴിവാക്കിയിരുന്നു. ആഘാതം താങ്ങാനാകാത്ത ഉറ്റവര്‍ക്ക് ഇടയിലേക്ക് ഇന്ന് രാവിലെയോടെയാണ് ടീച്ചറുടെ ഭൗതീകശരീരം എത്തിച്ചത്. വേനലവധിയുടെ സന്തോഷം പങ്കുവെക്കാന്‍ അതിരപ്പിള്ളിയിലൂടെ മലക്കപ്പാറ കടന്ന് വാല്‍പ്പാറയിലേക്ക് തിരിച്ച ആ അധ്യാപക സംഘം കടന്നുപോയത് ഒരിക്കലും നികത്താനാകാത്ത വിടവ് സൃഷ്ടിച്ചുകൊണ്ടായിരുന്നു. സ്‌നേഹത്തിന്റെ പാട്ട് നിലച്ച വളവ് ഒറ്റദിവസം കൊണ്ട് പാങ്ങ് ജി.എല്‍.പി. സ്‌കൂളിനെതന്നെ അനാഥമാക്കി.
പത്ത് അധ്യാപകരുണ്ടായിരുന്ന ആ കൊച്ചു വിദ്യാലയത്തില്‍ ഇനി അവശേഷിക്കുന്നത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും മാത്രമാണ്. മുഴുവന്‍ കുട്ടികളെയും ഒമ്പത് കുടുംബങ്ങളെയും കണ്ണീരിലാക്കി ആശടീച്ചറും സഹപ്രവര്‍ത്തകരും തിരിച്ചുവരാത്ത യാത്രയില്‍ അമര്‍ന്നു. വാല്‍പ്പാറയിലെ 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ച് നിയന്ത്രണം നഷ്ടമായ ആ ട്രാവലര്‍ വാന്‍ മറിയുകയും 9-ാം വളവിലേക്ക് പതിക്കുകയുമായിരുന്നു.






